
മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും നേട്ടത്തിന്റെ പാതയിലേയ്ക്ക് റെക്കോഡ് കുതിപ്പോടെ തിരിച്ചെത്തി സൂചികകള്‍. ഐടി, ധനകാര്യ ഓഹരികളാണ് ചൊവാഴ്ചയിലെ നേട്ടത്തിനുപിന്നില്‍. സെന്‍സെക്സ് 260.98 പോയിന്റ് ഉയര്‍ന്ന് 48,437.78ലും നിഫ്റ്റി 66.60 പോയിന്റ് നേട്ടത്തില്‍ 14,199.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ലോക്ഡൗണിനെ പ്രതിരോധിക്കാന്‍ യുകെ ഗവണ്‍മെന്റ് 6.2 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതാണ് വിപണിയില്‍ മുന്നേറ്റമുണ്ടാക്കിയത്. ബിഎസ്ഇയിലെ 1740 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1268 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, വിപ്രോ, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
നിഫ്റ്റി ബാങ്ക് സൂചിക 1.50ശതമാനവും ഐടി സൂചിക 2.5ശതമാനവും ഉയര്‍ന്നു. വില്പന സമ്മര്‍ദമാണ് ലോഹം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളെ ബാധിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.70ശതമാനവും നേട്ടമുണ്ടാക്കി.