
മുംബൈ: തുടക്കത്തിലെ ചാഞ്ചാട്ടത്തെ അതിജീവിച്ച് നാലാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ പിന്‍വലിക്കുമെന്ന പ്രതീക്ഷയും ഒമിക്രോണ്‍ അത്രതന്നെ അപകടകാരിയല്ലെന്ന വിശ്വാസവുമാണ് നിക്ഷേപകരെ സാധ്വീനിച്ചത്.
ആഗോളതലത്തില്‍ ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഉത്തജേന നടപടികളില്‍ നിന്ന് കേന്ദ്ര ബാങ്കുകള്‍ പിന്മാറുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകളോടൊപ്പം പണലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ തുടരാനുള്ള സാധ്യതയും വിപണിയെ മുന്നോട്ടുനയിച്ചു. സെന്‍സെക്സ് 367.22 പോയിന്റ് ഉയര്‍ന്ന് 60,223.15ലും നിഫ്റ്റി 120 പോയിന്റ് നേട്ടത്തില്‍ 17,925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ഡിവീസ് ലാബ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. ഐടി, ഫാര്‍മ, പവര്‍ സൂചികകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഓട്ടോ, ബാങ്ക്, മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36 ശതമാനവും നേട്ടമുണ്ടാക്കി.