
മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 33.20 പോയന്റ് താഴ്ന്ന് 55,702.23ലും നിഫ്റ്റി 5.10 പോയന്റ് ഉയര്‍ന്ന് 16,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 865 പോയന്റാണ് സെന്‍സെക്സിന് നഷ്ടമായത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രടെക് സിമെന്റ്, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
സെക്ടര്‍ സൂചികകളില്‍ പവര്‍, ക്യാപിറ്റല്‍ ഗുഡ്സ്, ഐടി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നു. അതേസമയം, റിയാല്‍റ്റി, എഫ്എംസിജി, ഫാര്‍മ, സൂചികകള്‍ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയെ കരടികള്‍ പിടിമുറുക്കിയതോടെ വരുംദിവസങ്ങളിലും കനത്ത ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.
ബുധനാഴ്ച 3.30ന് ലഭിച്ച കണക്കു പ്രകാരം എല്‍ഐസി ഐപിഒയുടെ 91 ശതമാനവും സബ്സ്‌ക്രൈബ് ചെയ്തു. പോളിസി ഉടമകള്‍ക്ക് അനുവദിച്ചതില്‍ 2.79 ഇരട്ടിയും ജീവനക്കാര്‍ക്കുള്ളതില്‍ 1.94 ഇരട്ടിയും അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയില്‍ വിഭാഗത്തിലാകട്ടെ 84 ശതമാനവും വരിക്കാരായി. മെയ് ഒമ്പതുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.