
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സക്സ് 412.23 പോയിന്റ് ഉയര്‍ന്നു. റിസര്‍വ് ബാങ്ക് പോളിസി നിരക്കില്‍ മാറ്റം വരുത്താതിരുന്നതും നേട്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നീ ഓഹരികളിലുണ്ടായ കനത്ത വാങ്ങലും വിപണിയ്ക്ക് തുണയായി. സെന്‍സക്സ് 412.23 പോയിന്റ് ഉയര്‍ന്ന് 59,447.18 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സക്സ് 59,654.44 പോയിന്റിലേക്ക് ഉയരുകയും 58,876.36 പോയിന്റിലേക്ക് താഴുകയും ചെയ്തിരുന്നു. നിഫ്റ്റി 144.80 പോയിന്റ് ഉയര്‍ന്ന് 17,784.35-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തിലും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നത് തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍ബിഐ തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്. റിസര്‍വ് ബാങ്കിന്റെ ആറംഗ പണ നയ കമ്മിറ്റി റിപ്പോ നിരക്ക് നാല് ശതമാനമായി നിലനിര്‍ത്താന്‍ വോട്ട് ചെയ്തുവെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.