
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവര്‍ത്തിക്കാനാകാതെ സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 53 പോയിന്റ് നഷ്ടത്തില്‍ 52,275 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 11.5 പോയിന്റ് താഴ്ന്ന് 15,740ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാകുകയും ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക അഞ്ചാം ദിവസവും റെക്കോഡ് നേട്ടം കുറിച്ച് 22,822 പോയിന്റ് തൊട്ടു. ഒടുവില്‍ 0.36 ശതമാനം ഉയര്‍ന്ന് 22,769.50 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. സ്മോള്‍ ക്യാപ് സൂചികയാകട്ടെ 0.9 ശതമാനം നേട്ടത്തില്‍ 24,827ല്‍ വ്യാപാരം അവസാനിപ്പിച്ചു. മികച്ച ഉയരം കുറിച്ചതിനാല്‍ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ തിരുത്തലുണ്ടായേക്കാം. നിക്ഷേപകര്‍ ഭാഗികമായെങ്കിലും ലാഭമെടുക്കുന്നതാകും ഉചിതമെന്നാണ് വിലയിരുത്തല്‍.
വ്യക്തിഗത ഓഹരികളില്‍ അദാനി പവറാണ് മികച്ച നേട്ടമുണ്ടാക്കിയത്. ദിനവ്യാപാരത്തിനിടെ 19 ശതമാനം ഉയര്‍ന്ന് ഓഹരിവില 151 രൂപയിലെത്തി. സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക്, മെറ്റല്‍ സൂചികകള്‍ 1.4 ശതമാനം വരെ നഷ്ടത്തിലായി. നിഫ്റ്റി ഐടി, എഫ്എംസിജി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കുകയും ചെയ്തു.