
മുംബൈ: ആഗോള തലത്തിലുണ്ടായ വില്പന സമ്മര്‍ദം രാജ്യത്തെ സൂചികകളിലും പ്രകടമായി. കഴിഞ്ഞ ദിവസത്തെ നേട്ടം അപ്പാടെ ഇല്ലാതാക്കി ഒരു ശതമാനത്തോളം നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടുംവര്‍ധനവുണ്ടാകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. രണ്ടാംതരംഗത്തില്‍നിന്ന് സമ്പദ്ഘടനകള്‍ തിരിച്ചുവരുന്ന സമയത്താണ് വീണ്ടും ആശങ്ക.
യുഎസ് ഫെഡ് റിസര്‍വ് ബോണ്ട് വാങ്ങല്‍ നടപടികളുമായി മുന്നോട്ടപോകുന്നതിന്റെ സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്സ് 485.82 പോയന്റ് നഷ്ടത്തില്‍ 52,568.94ലിലും നിഫ്റ്റി 151.80 പോയന്റ് താഴ്ന്ന് 15,727.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂന്നാം ദിവസവും ടാറ്റ മോട്ടോഴ്സ് തകര്‍ച്ച നേരിട്ടു.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടം നിലനിര്‍ത്താനായില്ല.