
മുംബൈ: ആറുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാനമണിക്കൂറിലെ വില്പന സമ്മര്‍ദമാണ് സൂചികകളുടെ കരുത്തുചോര്‍ത്തിയത്. സെന്‍സെക്സ് 16.69 പോയിന്റ് നഷ്ടത്തില്‍ 51,329.08ലും നിഫ്റ്റി 6.50 പോയിന്റ് താഴ്ന്ന് 15,109.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1634 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 184 ഓഹരികള്‍ക്ക് മാറ്റമില്ല. ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം എന്നീ സെക്ടറുകള്‍ ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ നഷ്ടംനേരിട്ടു.
ഐഒസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഒഎന്‍ജിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഏഴാമത്തെ ദിവസവും ആഗോള ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കി. ടെസ്ല വന്‍തുക നിക്ഷേപിച്ചതോടെ ബിറ്റ്കോയിന്റെ മൂല്യം 20ശതമാനത്തോളം വര്‍ധിച്ച് റെക്കോഡ് ഉയരത്തിലെത്തി.