
മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 157.45 പോയിന്റ് ഉയര്‍ന്ന് 58,807.13ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതും ഒമിക്രോണ്‍ ഭീതിയൊഴിഞ്ഞതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകള്‍ക്ക് തുടരാനായില്ല.
ദിനവ്യാപാരത്തിനിടയില്‍ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകള്‍ക്ക് കരുത്തേകിയത്. ഏഷ്യന്‍ പെയിന്റ്സ്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്സ്, ബ്രിട്ടാനിയ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ കമ്പനി, നെസ് ലെ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക്, റിയാല്‍റ്റി ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.