
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ മികച്ച നേട്ടത്തോടെ 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 650.98 പോയിന്റ് ഉയര്‍ന്ന് 60,395.63ലും നിഫ്റ്റി 190.60 പോയിന്റ് നേട്ടത്തില്‍ 18,003.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികളുടെ മൂന്നാം പാദഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതാണ് കോവിഡ് വ്യാപനത്തിനിടയിലും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. വായ്പയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയാണ് ബാങ്ക് ഓഹരികളിലെ നേട്ടത്തിന് കാരണം.
യുപിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റാന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, നെസ്‌ലെ, ഡിവീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, പവര്‍, ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.7-1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.