
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായില്ല. നഷ്ടത്തോടെയാണ് ചാഞ്ചാട്ടത്തിന്റെ ആഴ്ച സൂചികകള്‍ പിന്നിടുന്നത്. സെന്‍സെക്സ് 20.46 പോയിന്റ് താഴ്ന്ന് 58,786.67ലും നിഫ്റ്റി 5.50 ശതമാനം നഷ്ടത്തില്‍ 17,511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മറ്റ് ഏഷ്യന്‍ സൂചികകളും നഷ്ടത്തിലായിരുന്നു.
സെന്‍സെക്സ് സൂചികയില്‍ ഏഷ്യന്‍ പെയിന്റ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില മൂന്നുശതമാനം ഉയര്‍ന്ന് 3,277 നിലവാരത്തിലെത്തി. എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരിളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റാന്‍, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ട്ക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയും ചെയ്തു. ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക 0.8 ശതമാനവും മിഡ് ക്യാപ് 0.3 ശതമാനവും ഉയര്‍ന്നു. റിയാല്‍റ്റി, പൊതുമേഖല ബാങ്ക് സൂചികകള്‍ മൂന്നുശതമാനം നേട്ടമുണ്ടാക്കി.