ഓഹരി വിപണി റെക്കോഡ് ഭേദിച്ചു; സെന്‍സെക്സ് 49,000 കടന്നു

January 11, 2021 |
|
Trading

                  ഓഹരി വിപണി റെക്കോഡ് ഭേദിച്ചു;  സെന്‍സെക്സ് 49,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ റാലി തുടരുന്നു. സൂചികകള്‍ വീണ്ടും റെക്കോഡ് ഭേദിച്ച് ക്ലോസ് ചെയ്തു. നവംബര്‍ ഒമ്പതിനുശേഷം 16.5 ശതമാനമാണ് സെന്‍സെക്സിലുണ്ടായ നേട്ടം. രണ്ടുമാസം കൊണ്ട് 7000ത്തോളം പോയന്റാണ് ഉയര്‍ന്നത്. ഒരു ലക്ഷം കോടി രൂപയിലധികമാണ് ഈകാലയളവില്‍ വിദേശനിക്ഷേ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ നിക്ഷേപിച്ചത്.

സെന്‍സെക്സ് 486.81 പോയിന്റ് നേട്ടത്തില്‍ 49,269.32ലും നിഫ്റ്റി 137.50 പോയിന്റ് ഉയര്‍ന്ന് 14,484.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനികള്‍ മികച്ച മൂന്നാംപാദഫലങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതും കോവിഡ് വാക്സിന്‍ ഉടനെ വിതരണം തുടങ്ങുമെന്നതും യുഎസില്‍ ഉടനെ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയെ തുണച്ചത്.

ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1672 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ഐടി സൂചിക മൂന്നുശതമാനത്തോളം ഉയര്‍ന്നു. വാഹനം 2.6ശതമാനവും എഫ്എംസിജി, ഫാര്‍മ സൂചികകള്‍ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ലോഹം, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved