
മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 491 പോയിന്റിന്റെ ചാഞ്ചാട്ടമാണ് സെന്‍സെക്സിലുണ്ടായത്. ഒടുവില്‍ 13.50 പോയിന്റ് നഷ്ടത്തില്‍ 52,372.69ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 2.80 പോയന്റ് നേട്ടത്തില്‍ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസ്, യൂറോപ്യന്‍ വിപണികളിലെ നഷ്ടത്തോടെയുള്ള തുടക്കമാണ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തെ ബാധിച്ചത്. ലാഭമെടുപ്പിനെതുടര്‍ന്നുളള സമ്മര്‍ദം വിപണിക്ക് നേരിടേണ്ടിവന്നു. അള്‍ട്രടെക് സിമെന്റ്സ്, ഗ്രാസിം, ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്ക് നേട്ടം നിലനിര്‍ത്താനായി. സൂചികകള്‍ യഥാക്രമം 0.40 ശതമാനവും 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി റിയാല്‍റ്റി സൂചിക 3.6ശതമാനം ഉയര്‍ന്നു. ഐടി 0.4 ശതമാനം നഷ്ടം നേരിട്ടു. രൂപയുടെ മൂല്യത്തില്‍നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 74.57ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 74.40-74.59 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.