
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 85.26 പോയിന്റ് ഉയര്‍ന്നു. 61,235.30 ആണ് വ്യാപാരം അവസാനിച്ചപ്പോഴുള്ള സെന്‍സെക്‌സിന്റെ നിലവാരം. നിഫ്റ്റി 45.45 പോയിന്റ് ഉയര്‍ന്നു. 18257.80 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ആഗോള വിപണികള്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെയും കൊവിഡ് നിയന്ത്രണത്തിന്റെയും ഭയത്തില്‍ തിരിച്ചടി നേരിടുമ്പോഴാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ കുതിപ്പ് തുടരുന്നത്.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ മെറ്റല്‍ ഓഹരികള്‍ ഇന്നത്തെ ദിവസം മുഴുവന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, യുപിഎല്‍, എല്‍ ആന്‍ഡ് ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ടിസിഎസ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്സിഎല്‍ ടെക്, മാരുതി എന്നിവയാണ് ഇന്ന് ഓഹരി സൂചികകളെ കൂടുതലും പിന്നോട്ട് വലിച്ചത്.
മെറ്റല്‍, ഫാര്‍മ, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകള്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. ബാങ്ക്, റിയല്‍റ്റി സൂചികകള്‍ 0.5 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുള്ള സെഷനിലെ വ്യാപാര തകര്‍ച്ച വിപണിയില്‍ ചെറിയ ആശങ്കയായിരുന്നെങ്കിലും അവസാന മണിക്കൂറില്‍ കുതിപ്പ് തുടര്‍ന്ന സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.