
വിപണി ആശ്വാസറാലിയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ബാങ്കുകളിലും മെറ്റല്‍ സ്റ്റോക്കുകളിലും നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരാന്ത്യത്തില്‍ ചുവപ്പിലേക്ക് വീണു. ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 137 പോയ്ന്റ് അഥവാ 0.26 ശതമാനം ഇടിഞ്ഞ് 52,794 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ, തുടര്‍ച്ചയായ ആറാം ദിവസവും വിപണികള്‍ നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്സ് സൂചികയില്‍ എസ്ബിഐയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. 4.79 ശതമാനം. എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ബജാജ് എന്നിവയാണ് തിരിച്ചടി നേരിട്ട മറ്റ് ഓഹരികള്‍.
നിഫ്റ്റി സൂചിക 26 പോയ്ന്റ് അഥവാ 0.16 ശതമാനം ഇടിഞ്ഞ് 15,782 ല്‍ ക്ലോസ് ചെയ്തു. വിശാലമായ വിപണിയില്‍, ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനവും ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.79 ശതമാനവും ഉയര്‍ന്നു. മേഖലാതലത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനവും ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക 2.5 ശതമാനം നേട്ടമുണ്ടാക്കി. ഡെല്‍ഹിവെറി ഐപിഒ അവസാന ദിവസമായ ഇന്നുവരെ 1.5 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. വീനസ് പൈപ്സ് ആന്റ് ട്യൂബ്സിന്റെ ഐപിഒ ഇതുവരെ 14.4 തവണയാണ് സബ്സ്‌ക്രൈബ് ചെയ്തത്.