
മുംബൈ: മികച്ച നേട്ടത്തോടെയായിരുന്നു സൂചികകളില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 474 പോയിന്റാണ് സെന്‍സെക്സിന് നഷ്ടമുണ്ടായത്. ഒടുവില്‍ 98 പോയിന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 38,756.63ലും നിഫ്റ്റി 24 പോയിന്റ് താഴ്ന്ന് 11,440.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മള്‍ട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപരീതിയില്‍ സെബി മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ബ്ലുചിപ്പ് ഓഹരികളില്‍ കനത്ത വില്‍പന സമ്മര്‍ദമുണ്ടായതാണ് സൂചികകളെ ബാധിച്ചത്. ബിഎസ്ഇയിലെ 1827 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 929 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 180 ഓഹരികള്‍ക്ക് മാറ്റമില്ല. എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടൈറ്റാന്‍, ബജാജ് ഓട്ടോ, എന്‍ടിപിസി, ഒഎന്‍ജിസി, എംആന്‍ഡ്എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഇന്‍ഡസിന്റ് ബാങ്ക്, റിലയന്‍സ്, മാരുതി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറല്‍ സൂചികകളില്‍ ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാല്‍റ്റി തുടങ്ങിയ സൂചികകള്‍ നേട്ടത്തിലായിരുന്നു. ടെലികോം ഫിനാന്‍സ്, ഊര്‍ജം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.