
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം മുഴുവന്‍ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,350 കടന്നു. റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന് അയവുവന്നതോടെ യുറോപ്യന്‍, ഏഷ്യന്‍ സൂചികകളെല്ലാം മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് 1,736.21 പോയിന്റ് ഉയര്‍ന്ന് 58,142.05ലും നിഫ്റ്റി 509.70 പോയിന്റ് നേട്ടത്തില്‍ 17,352.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് മൂന്ന് ഡോളറോളം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. അതേസമയം, രാജ്യത്തെ പണപ്പെരുപ്പ സൂചിക 6 ശതമാനത്തിന് മുകളിലെത്തിയത് ഭീഷണിയുയര്‍ത്തുന്നുണ്ട്.
ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ശ്രീ സിമെന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. എല്ലാ മേഖലകളും നേട്ടത്തിലായിരുന്നു. ഓട്ടോ, ബാങ്ക്, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ്, പൊതുമേഖല ബാങ്ക്, ഐടി, എഫ്എംസിജി സൂചികകള്‍ 2-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികള്‍ രണ്ട് ശതമാനം വീതം നേട്ടമുണ്ടാക്കി.