
മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള 900 പോയിന്റ് സെന്‍സെക്സിനും 255 പോയിന്റ് നിഫ്റ്റിക്കും നഷ്ടമായെങ്കിലും അവസാന മണിക്കൂറില്‍ നിഫ്റ്റി 14,900ന് മുകളിലെത്തി. ഒടുവില്‍ സെന്‍സെക്സ് 397 പോയിന്റ് നഷ്ടത്തില്‍ 50,395.08ലും നിഫ്റ്റി 101.50 പോയിന്റ് താഴ്ന്ന് 14,929.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1788 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികള്‍ക്ക് മാറ്റമില്ല.
ഡിവീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സര്‍വ്, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
മെറ്റല്‍, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ഓട്ടോ, ഇന്‍ഫ്ര, ഫാര്‍മ സെക്ടറുകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലായി. രാജ്യത്തെ ഉയരുന്ന കോവിഡ് കണക്കുകളാണ് വിപണിയില്‍ പ്രതിഫലിച്ചത്. മൊത്തവില സൂചിക 4.17 ശതമാനമായി ഉയര്‍ന്നതും വിപണിയെ സമ്മര്‍ദത്തിലാക്കി.