
മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. യുഎസ് ഫെഡ് റിസര്‍വിന്റെ തീരുമാനം വൈകീട്ട് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്. അസംസ്‌കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്സ് 271 പോയിന്റ് നഷ്ടത്തില്‍ 52,501.98ലും നിഫ്റ്റി 102 പോയിന്റ് താഴ്ന്ന് 15,676.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെക്ടറല്‍ വിഭാഗത്തില്‍ മെറ്റല്‍ സൂചിക 2.58ശതമാനം നഷ്ടത്തിലായി. പൊതുമേഖല ബാങ്ക്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.95 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 0.68 ശതമാനവും നഷ്ടം നേരിട്ടു.