
മുംബൈ: ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ വിപണി കുതിച്ചു. നിഫ്റ്റി 14,900ന് മുകളില്‍ ക്ലോസ് ചെയ്തു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തില്‍ കുറവുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിയെ സ്വാധീനിച്ചത്. സെന്‍സെക്സ് 848.18 പോയിന്റ് നേട്ടത്തില്‍ 49,580.73ലും നിഫ്റ്റി 245.40 പോയിന്റ് ഉയര്‍ന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2047 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1024 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 215 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി എനര്‍ജി, ബാങ്ക്, ഓട്ടോ, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-4ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.6 ശതമാനത്തോളം ഉയര്‍ന്നു.