
മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 304 പോയിന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയിന്റ് നഷ്ടത്തില്‍ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയില്‍ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ മുന്നോട്ടുപോകുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വിനുശേഷം യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങല്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാല്‍ശതമാനം ഉയര്‍ത്തുകയും ചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയര്‍ത്താന്‍ തയ്യാറാകുന്നത്.
ബജാജ് ഓട്ടോ, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി, നെസ് ലെ, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33ശതമാനവും സ്മോള്‍ ക്യാപ് 0.10ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.