
മുംബൈ: ഓഹരി വിപണിക്ക് ഇന്ന് തിരിച്ചടിയുടെ ദിവസം. നിഫ്റ്റി 18000ത്തിന് താഴേക്ക് പതിച്ചപ്പോള്‍ സെന്‍സെക്‌സില്‍ 656 പോയിന്റിന്റെ ഇടിവുണ്ടായി. സെന്‍സെക്സ് 656.04 (1.08 ശതമാനം) പോയിന്റ് താഴ്ന്ന് 60098.82ലും നിഫ്റ്റി 174.60 പോയിന്റ് (0.96 ശതമാനം) ഇടിഞ്ഞ് 17938.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്‌സില്‍ ഇന്ന് ആകെ 1432 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1766 ഓഹരികള്‍ക്ക് മൂല്യത്തകര്‍ച്ചയുണ്ടായി. 72 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്സ്, ശ്രീ സിമന്റ്സ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച്യുഎല്‍ എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികള്‍. ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി, ഐടി, ഫാര്‍മ, റിയാലിറ്റി മേഖലകളില്‍ വില്‍പ്പന സമ്മര്‍ദ്ദം ഇന്ന് കാണാനായി. അതേസമയം ഓട്ടോ, മെറ്റല്‍, പവര്‍, ഓയില്‍ & ഗ്യാസ് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.