
മുംബൈ: ഐടി, മെറ്റല്‍ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദം സൂചികകള്‍ക്ക് കനത്ത പ്രഹരമായി. സെന്‍സെക്സ് 1,416 പോയിന്റ് തകര്‍ന്നു. നിഫ്റ്റി 15,800ന് താഴെയെത്തി. ഒരൊറ്റ ദിവസത്തെ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായതാകട്ടെ 6.75 ലക്ഷം കോടി രൂപയും. 52,792.23ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 430.90 പോയിന്റ് നഷ്ടത്തില്‍ 15,809.40ലുമെത്തി. വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് കനത്ത ഇടിവ് നേരിട്ടത്.
ഐടിസി, ഡോ. റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഐടി, മെറ്റല്‍ സൂചികകള്‍ 4-5 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ക്കാകട്ടെ രണ്ടുശതമാനം വീതം നഷ്ടമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസയുടെ നഷ്ടത്തില്‍ 77.72 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 77.58 രൂപയിലായിരുന്നു ബുധനാഴ്ചത്തെ ക്ലോസിങ്.