
മുംബൈ: ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം നേരിട്ടതോടെയാണിത്. ടെക്‌നോളജി സ്റ്റോക്കുകള്‍ അവരുടെ ഇടിവ് തുടരുകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിനുണ്ടായ മൂല്യ ഇടിവുമെല്ലാം ഇന്നത്തെ ഓഹരി സൂചികകളുടെ പിന്നോട്ട് പോക്കിന് കാരണമായി.
സെന്‍സെക്സ് 59464.62 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിങില്‍ നിന്ന് 634.20 പോയിന്റ് അഥവാ 1.06 ശതമാനം ഇടിവിലാണ് സെന്‍സെക്‌സ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സെന്‍സെക്സ് യഥാക്രമം 656 പോയിന്റും 554 പോയിന്റും നഷ്ടത്തിലായിരുന്നു.
നിഫ്റ്റി 17757 പോയിന്റിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഇന്നലത്തെ ക്ലോസിങിനെ അപേക്ഷിച്ച് 1.01 ശതമാനം അഥവാ 181.40 പോയിന്റ് താഴെയാണ്. 17921.00 പോയിന്റില്‍ നേട്ടത്തോടെ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നിഫ്റ്റി ഒരു ഘട്ടത്തില്‍ 17648.45 പോയിന്റിലേക്ക് താഴ്ന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഐടി ഓഹരികളാണ് ഓഹരി സൂചികകളെ തിരിച്ചടിയിലേക്ക് നയിച്ചത്. ഇന്‍ഫോസിസ് 2.23 ശതമാനം ഇടിഞ്ഞ് 1826 രൂപയിലെത്തി. എച്ച്‌സിഎല്‍ ടെക്‌നോളജീസ് 1.97 ശതമാനം ഇടിഞ്ഞ് 1175.50 രൂപയായി. ടിസിഎസ് 2.09 ശതമാനം ഇടിഞ്ഞ് 3834 രൂപയായി.
ബജാജ് ഫിന്‍സെര്‍വ്, ഹിന്ദുസ്ഥാന്‍ യൂണിവലര്‍, ഡോ.റെഡ്ഡി ലബോറട്ടറീസ്, സണ്‍ ഫാര്‍മ എന്നീ ഓഹരികളും വന്‍ തിരിച്ചടി നേരിട്ടു. സെന്‍സെക്സിന്റെ ഭാഗമായ 30 ഓഹരികളില്‍ എട്ടെണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയില്‍ 15 ഓഹരികള്‍ മുന്നേറി. 35 ഓഹരികള്‍ ഇടിഞ്ഞു. എഫ്എംസിജി, ഫാര്‍മ, ഐടി എന്നീ മേഖലാ സൂചികകള്‍ ഒരു ശതമാനം താഴേക്ക് പോയി. നിഫ്റ്റി മെറ്റല്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയ മേഖലാ സൂചിക.