
വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി വിപണി. റഷ്യ- ഉക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ആശങ്കയില്‍ പ്രക്ഷുബ്ധ തുടക്കമായിരുന്നെങ്കിലും ഏറെക്കുറെ നഷ്ടം നികത്തിയാണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വിപണികള്‍ നഷ്ടത്തില്‍ അവസാനിക്കുന്നത്. എന്‍എസ്ഇയുടെ പൊതുസൂചികയായ നിഫ്റ്റി-50 114 പോയിന്റ് നഷ്ടത്തില്‍ 17,092-ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെന്‍സെക്സ് 383 പോയിന്റ് ഇടിഞ്ഞ് 57,300-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 314 പോയിന്റ് താഴ്ന്ന് 37,372-ലും വ്യാപാരം അവസാനിപ്പിച്ചു.
രാവിലെ 2 ശതമാനത്തിലേറെ നഷ്ടവുമായാണ് പ്രധാന സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി തുടക്കത്തില്‍ 16,843-ലേക്ക് വീണിരുന്നു. അതായത് 363 പോയിന്റ് നഷ്ടം. എന്നാല്‍ താഴ്ന്ന നിലവാരത്തില്‍ ഉടലെടുത്ത നിക്ഷേപ താത്പര്യത്തില്‍ നിഫ്റ്റിക്ക് 250-ലേറെ പോയിന്റും സെന്‍സെക്സിന് 906 പോയിന്റും ബാങ്ക് നിഫ്റ്റിക്ക് 550 പോയിന്റിലേറെയും നഷ്ടം നികത്താനായി. ഫെബ്രുവരി 16-ന് തുടങ്ങിയ തിരിച്ചടിയില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തില്‍ നിന്നും ഇതുവരെ 9 ലക്ഷം കോടിയിലേറെ രൂപയാണ് തുടച്ചു നീക്കിയത്. ലാര്‍ജ് കാപ് വിഭാഗം ഓഹരികളേക്കാല്‍ തിരിച്ചടിയുടെ ആഘാതം മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ കൂടുതലാണ്.
റഷ്യന്‍
കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂലികളായ വിമതര്‍ നിയന്ത്രണം പിടിച്ചെടുത്ത രണ്ട് പ്രവിശ്യകളേയും സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുന്നുവെന്ന പ്രസിഡന്റ് പുടിന്റെ പ്രസ്താവനയാണ് വിപണികള്‍ക്ക് തിരിച്ചടിയായത്. റഷ്യയുടെ ഈ നീക്കം മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിലാണ് വിപണികളിലെ തിരിച്ചടി. അതേസമയം, കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം കാരണം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് സമ്മര്‍ദമേറ്റുന്ന ഘടകമാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്.