
മുംബൈ: വിപണിയില്‍ കരടികള്‍ പിടിമുറുക്കിയതോടെ സെന്‍സെക്സ് 58,500ന് താഴെ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 17,500ന് താഴെയുമെത്തി. ദിനവ്യാപാരത്തിനിടെ 1,500 ഓളം പോയിന്റ് തകര്‍ന്നടിഞ്ഞ സെന്‍സെക്സ് ഒടുവില്‍ 1,170.12 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 348.30 പോയിന്റും നഷ്ടം നേരിട്ടു.
റിയാല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകള്‍ 2-4ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപിനും സ്മോള്‍ ക്യാപിനും 2-3ശതമാനം നഷ്ടമായി. എല്ലാ സെക്ടറുകളിലും കനത്ത വില്പന സമ്മര്‍ദമാണ് നേരിട്ടത്. ഉച്ചയോടെ സെന്‍സെക്സിന് 1500ലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റിയാകട്ടെ 17,500ന് താഴെയെത്തി.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മര്‍ദംനേരിട്ടു. യൂറോപ്പിലും മറ്റുമുള്ള കോവിഡ് വ്യാപന ഭീതിയാണ് ആഗോളതലത്തില്‍ വിപണിയെ ബാധിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി നാലുശതമാനം ഇടിവ് നേരിട്ടു. സൗദി ആരാംകോയുമായുള്ള 1,11,761 കോടി രൂപ(15 ബില്യണ്‍ ഡോളര്‍)യുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ തീരുമാനിച്ചതാണ് ഓഹരിയെ ബാധിച്ചത്.
രണ്ടാമത്തെ ദിവസവും പേടിഎമ്മിന്റെ ഓഹരി നഷ്ടംനേരിട്ടു. തിങ്കളാഴ്ച 17ശതമാനത്തോളമാണ് ഇടിഞ്ഞത്. മൊത്തവ്യാപാരമൂല്യം 8,34,482 കോടി രൂപയായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും കമ്പനിക്ക് നേട്ടമാക്കാനായില്ല. ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2022ന്റെ രണ്ടാം പാദത്തില്‍ യുഎസ് ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വിപണിയില്‍ പ്രതിഫലിച്ചേക്കാം.