
മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സൂചികകള്‍ നഷ്ടത്തിലാകുന്നത്. വ്യാപാരത്തിനിടെ ഒരുവേള 200 പോയിന്റോളം സെന്‍സെക്സ് ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കോവിഡ് വ്യാപനതോത് ദിനംപ്രതി കൂടുന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയെ സമീപിക്കുന്നത്.
സെന്‍സെക്സ് 202 പോയിന്റ് താഴ്ന്ന് 47,878.45ലും നിഫ്റ്റി 65 പോയിന്റ് നഷ്ടത്തില്‍ 14,341.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍ കമ്പനി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
പവര്‍ഗ്രിഡ്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ പവര്‍ സൂചിക 2.35ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേരിയ തോതില്‍ ഉയര്‍ന്നു. ടെലികോം, റിയാല്‍റ്റി, എഫ്എംസിജി, ഐടി സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിടുകയും ചെയ്തു.