
ക്രിസ്മസ് അവധിയ്ക്ക് മുന്നോടിയായി ഏഷ്യന്‍ ഓഹരികളുടെ നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൂചികകളും ഇന്ന് ഉയര്‍ന്നു. ബ്രെക്സിറ്റ് ഇടപാടും സാമ്പത്തിക വീണ്ടെടുക്കല്‍ സാധ്യതയും ആഗോള നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. ഐടി സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും രാവിലെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.
രാവിലെ 9:18 ന് സെന്‍സെക്‌സ് 249 പോയിന്റ് ഉയര്‍ന്ന് 46,694 ല്‍ എത്തി. നിഫ്റ്റി 70 പോയിന്റ് ഉയര്‍ന്ന് 13,671 ലെത്തി. മിഡ്ക്യാപ്, സ്‌മോള്‍കാപ്പ് സൂചികകള്‍ യഥാക്രമം 0.8 ശതമാനവും ഒരു ശതമാനവും ഉയര്‍ന്ന് ബെഞ്ച്മാര്‍ക്കുകളെ മറികടന്നു. നിഫ്റ്റി 50 സൂചികയില്‍ ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഗെയില്‍, ബജാജ് ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ് എന്നിവ രാവിലെ നഷ്ടം രേഖപ്പെടുത്തി. ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യയും പൊറിഞ്ചു വെളിയത്തും കമ്പനിയുടെ ഓഹരി പങ്കാളിത്തം 4.91 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായി ഉയര്‍ത്തിയതിന് ശേഷം ഓറിയന്റ് ബെല്‍ ഓഹരി വില 14 ശതമാനത്തിലധികം ഉയര്‍ന്നു. ഒക്ടോബര്‍ മാസത്തില്‍ 36 ലക്ഷത്തിലധികം ഉപയോക്താക്കളെ ചേര്‍ത്തതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരി വില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നു.