
മുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 14,250ന് താഴെയെത്തി. ലാഭമെടുപ്പിനെതുടര്‍ന്നുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ തളര്‍ത്തിയത്.
സെന്‍സെക്സ് 530.95 പോയിന്റ് താഴ്ന്ന് 48,347.59ലും നിഫ്റ്റി 133 പോയിന്റ് നഷ്ടത്തില്‍ 14,238.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2009 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികള്‍ക്ക് മാറ്റമില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, യുപിഎല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ലോഹം, ഫാര്‍മ ഒഴികെയുള്ള ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനവും താഴ്ന്നു.