
മുംബൈ: കഴിഞ്ഞ ദിവസത്തെ തളര്‍ച്ചക്കുശേഷം ബുധനാഴ്ച സൂചികകള്‍ നേട്ടമുണ്ടാക്കി. ഐടി, റിയാല്‍റ്റി ഓഹരികളിലെ കുതിപ്പാണ് സൂചികകള്‍ നേട്ടമാക്കിയത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട വ്യവസായങ്ങള്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യേപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് ആത്മവിശ്വാസം നല്‍കിയത്. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ കുറവും ആഗോള കാരണങ്ങളും വിപണി നേട്ടമാക്കി.
സെന്‍സെക്സ് 379.99 പോയിന്റ് ഉയര്‍ന്ന് 51,017.52ലും നിഫ്റ്റി 93 പോയിന്റ് നേട്ടത്തില്‍ 15,301.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഗ്രാസിം, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ് കോര്‍പ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എനര്‍ജി, മെറ്റല്‍ സൂചികകള്‍ 1-2ശതമാനം നഷ്ടത്തിലായി. ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ വിലയിലുണ്ടായ തളര്‍ച്ചയാണ് രാജ്യത്തെ മെറ്റല്‍ ഓഹരികളെ ബാധിച്ചത്. ഐടി, റിയാല്‍റ്റി സൂചികകള്‍ രണ്ടു ശതമാനം വീതം നേട്ടമുണ്ടാക്കുകയും ചെയ്തു. നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോള്‍ ക്യാപ് സൂചിക 0.7 ശതമാനം ഉയര്‍ന്നു.