
മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍, ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സെന്‍സെക്സിന് 600ഓളം പോയിന്റ് നഷ്ടമായി. സാമ്പത്തിക സര്‍വെ പാര്‍ലമെന്റില്‍ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതല്‍ നഷ്ടത്തിലായത്. സെന്‍സെക്സ് 589 പോയിന്റ് നഷ്ടത്തില്‍ 46,285.77ലും നിഫ്റ്റി 183 പോയിന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ്ചെയ്യുന്നത്. 937 പോയന്റാണ് കഴിഞ്ഞദിവസം സെന്‍സെക്സിന് നഷ്ടമായത്.
ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, എന്‍ടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
മൂലധനം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സര്‍വെയില്‍ ചൂണ്ടിക്കാണിച്ചതിനെതുടര്‍ന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാര്‍മ, ലോഹ സൂചികകള്‍ രണ്ടു ശതമാനം വീതവും താഴെപ്പോയി.