
മുംബൈ: ഫാര്‍മ, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 17,300ന് മുകളിലെത്തി. സെന്‍സെക്സ് 350.16 പോയിന്റ് ഉയര്‍ന്ന് 57,943.65ലും നിഫ്റ്റി 103.30 പോയിന്റ് നേട്ടത്തില്‍ 17,325.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണി നേട്ടമാക്കി.
ഐഷര്‍ മോട്ടോഴ്സ്, ഡിവീസ് ലാബ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍, ആയിരം കോടി രൂപയുടെ ചെലവുകള്‍ വ്യാജമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഹീറോ മോട്ടോര്‍കോര്‍പിന്റെ ഓഹരി വില ഏഴു ശതമാനത്തോളം ഇടിഞ്ഞു.
ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു. സെക്ടറല്‍ സൂചികകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ളവ നേട്ടത്തിലയിരുന്നു. ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് 0.65 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.6 ശതമാനമാണ് നേട്ടം.