
മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി വീണ്ടും 17,000ന് മുകളിലെത്തി. ഐടി, ടെലികോം മേഖലകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ഫാര്‍മ സെക്ടറും ചില ബാങ്ക് ഓഹരികളും സമ്മര്‍ദം നേരിട്ടു. സെന്‍സെക്സ് 153.43 പോയിന്റ് നേട്ടത്തില്‍ 57,260.58ലും നിഫ്റ്റി 27.50 പോയിന്റ് ഉയര്‍ന്ന് 17,054ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തില്‍ 712 പോയിന്റിലേറെ സെന്‍സെക്സ് തകര്‍ച്ച നേരിട്ടെങ്കിലും ഐടി, ഹെല്‍ത്ത് കെയര്‍, ടെലികോം ഓഹരികള്‍ വിപണിയെ തുണച്ചു. നിരക്ക് വര്‍ധനയാണ് ടെലികോം സെക്ടറിന് നേട്ടമായത്. അതേസമയം, ആഗോള വിപണികളില്‍ അനിശ്ചിതത്വം തുടരുകയാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎല്‍ ടെക്നോളീജീസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിപിസിഎല്‍, സണ്‍ ഫാര്‍മ, യുപിഎല്‍, ഒഎന്‍ജിസി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. ഐടി ഒഴികെയുള്ള സൂചികകള്‍ നഷ്ടം നേരിട്ടു. ഫാര്‍മ, പവര്‍, റിയാല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-2 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-2 ശതമാനം നഷ്ടത്തിലായി.