
മുംബൈ: ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനിരിക്കെ വിപണിയില്‍ മുന്നേറ്റം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 8-8.5 ശതമാനം വളര്‍ച്ച നേടുമെന്ന സാമ്പത്തിക സര്‍വെ അനുമാനം പുറത്തുവന്നതോടെ വിപണി അനുകൂലമായാണ് പ്രതികരിച്ചത്. സെന്‍സെക്സ് 813.94 പോയിന്റ് നേട്ടത്തില്‍ 58,014.17ലും നിഫ്റ്റി 237.80 പോയിന്റ് ഉയര്‍ന്ന് 17,339.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല പ്രതികരണങ്ങളും സൂചികകള്‍ക്ക് കരുത്തായി. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം സജ്ജമാണെന്ന സാമ്പത്തിക സര്‍വെയിലെ നിരീക്ഷണം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കി.
ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ബിപിസിഎല്‍, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുപിഎല്‍, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു. സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1-1.7 ശതമാനവും നേട്ടമുണ്ടാക്കി.