
മുംബൈ: കോവിഡ് 19 വാക്സിനുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കുന്നതില്‍ ഫലപ്രദമാകില്ലെന്ന യുഎസ് ഫാര്‍മ കമ്പനിയായ മൊഡേണയുടെ നരീക്ഷണം ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും 195.71 പോയിന്റ് നഷ്ടത്തില്‍ 57,064.87ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 81.40 പോയിന്റ് താഴ്ന്ന് 16,972.60ലുമെത്തി. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരമായ 17,325ല്‍ നിന്ന് നിഫ്റ്റി 394 പോയിന്റാണ് താഴെപ്പോയത്.
ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. പവര്‍ഗ്രിഡ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
പ്രധാന സൂചികകള്‍ നഷ്ടം നേരിട്ടപ്പോഴും തിരഞ്ഞെടുത്ത ഓഹരികളില്‍ മുന്നേറ്റം പ്രകടമായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1.5 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ 1772 ഓഹരികള്‍ മികവുകാട്ടിയപ്പോള്‍ 1,478 ഓഹരികളാണ് നഷ്ടം നേരിട്ടത്. മെറ്റല്‍ സൂചിക രണ്ടു ശതമാനം താഴ്ന്നു. ബാങ്ക്, ഓട്ടോ, പവര്‍ സൂചികകളും നഷ്ടം നേരിട്ടു. ഐടി, റിയാല്‍റ്റി, എഫ്എംസിജി ഓഹരികള്‍ നേട്ടമുണ്ടാക്കി. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗോ ഫാഷന്‍ (ഇന്ത്യ) ഓഹരി ഇഷ്യു വിലയായ 690 രൂപയില്‍ നിന്ന് 81 ശതമാനം ഉയര്‍ന്ന് 1,249 രൂപ വരെയെത്തി. 1,341-1,144 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.