
ഇന്‍ഷുറന്‍സ് എന്ന മേഖലയിലെ ഉത്പന്നങ്ങളും പോളിസികളും കമ്പനികളെയും പരിചയപ്പെടുത്തുന്ന പംക്തിയുടെ ആദ്യഭാഗം; (പാര്‍ട്ട് 1)
ഇന്‍ഷുറന്‍സിനെ പറ്റി നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് ആധുനിക ജീവിതത്തിന് അനിവാര്യമാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇന്ന് വിവിധ കമ്പനികളുടെ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ ഉപഭോക്താക്കളാണ്. ഇന്‍ഷുറന്‍സ് എന്നാല്‍ ഭാവിയില്‍ സംഭാവ്യമായ അവിചാരിത നഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതാണ്., അതിന് വേണ്ടി റിസ്‌ക് കവറേജിന് ഇന്‍ഷുറര്‍ക്ക് ആസ്ഥിയുടെ ചെറിയ ശതമാനം പ്രീമിയം അടയ്ക്കുകയും ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്യുന്ന രീതിയെയാണ് പൊതുവേ ഇന്‍ഷുറന്‍സ് എന്ന് പറയുന്നത്. നമ്മള്‍ അടയ്ക്കുന്ന പണം തിരികെ ലഭിക്കുന്ന രീതിയെ അല്ല ഇന്‍ഷുറന്‍സ്. അതിനെ സേവിങ്‌സ് എന്നാണ് പറയുന്നത്. നഷ്ടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വ്യക്തികള്‍ക്കോ, ഉത്പന്നങ്ങള്‍ക്കോ സംരക്ഷണം ഉറപ്പുവരുത്താനും സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപറ്റുന്നതുമാണ് ഇന്‍ഷുറന്‍സ്, എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ ദശകം വരെ ശൈശവദശയില്‍ ആയിരുന്ന ഇന്‍ഷുറന്‍സ് വ്യവസായം ഉപഭോക്താക്കളെ അധിക ആനുകൂല്യം നല്‍കി പ്രീമിയം ഒരു ചെറിയ പലിശനിരക്ക് പോലെ തിരിച്ച് കൊടുക്കുന്ന നിക്ഷേപവും എന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്തിരുന്നു.
ഇന്‍ഷുറന്‍സ് മേഖലയില്‍ അവയുടെ പ്രവര്‍ത്തന മേഖലയെ അടിസ്ഥാനമാക്കി പറഞ്ഞാല്‍ രണ്ട് വിഭാഗത്തിലുള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ലൈഫ് ഇന്‍ഷുറന്‍സും ജനറല്‍ ഇന്‍ഷുറന്‍സും. ഇതില്‍ തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് വാങ്ങുന്ന വ്യക്തിയെ പോളിസി ഉടമ എന്നാണ് വിളിക്കുന്നത്. പോളിസി ഉടമയും ഇന്‍ഷൂററും ഏര്‍പ്പെടുന്ന ഉടമ്പടി രാജ്യത്തെ ഇന്‍ഷൂറന്‍സ് നിയമങ്ങള്‍ അടിസ്ഥാനമാക്കി IRDAI എന്ന റെഗുലേറ്റര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങളാല്‍ പരിരക്ഷിതവുമാണ്. ക്ലയിമുകള്‍ യഥാസമയം സെറ്റില്‍ ചെയ്യുവാനും അല്ലാത്ത പക്ഷം പോളിസി ഉടമക്ക് റെഗുലേറ്റരെ സമീപിക്കാനും ഇന്‍ഷുറന്‍സ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇന്‍ഷുറന്‍സ് വ്യവസായവുമായി ഉപഭോക്താക്കള്‍ക്ക് ഉള്ള തര്‍ക്കങ്ങള്‍ക്കും തര്‍ക്ക പരിഹാരങ്ങള്‍ക്കും ഉള്ള മാര്‍ഗനിര്‍ദേശവും പ്രോസ്സസും എല്ലാം ലളിതമായി irdai വെബ്‌സൈറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.irdai.gov.in
- ജനറല്‍ ഇന്‍ഷുറന്‍സ്
ഇനി ജനറല്‍ ഇന്‍ഷുറന്‍സ് എന്തെന്ന് പരിചയപ്പെടാം. ലൈഫ് ഇന്‍ഷുറന്‍സ് അല്ലാത്തവയെല്ലാം ജനറല്‍ ഇന്‍ഷുറന്‍സ് എന്ന് അറിയപ്പെടുന്നു. അവയില്‍ വ്യക്തിഗതമായ ജനറല്‍ ഇന്‍ഷുറന്‍സ് എന്നതില്‍ വ്യക്തിയുടെ ആരോഗ്യം, ചികിത്സ, എന്നിവ കൂടാതെ വസ്തുക്കള്‍, ആസ്ഥികള്‍ എന്നിവയുടെ നഷ്ടസാധ്യതകളും ഉള്‍പ്പെടുന്ന വിഭാഗമാണ്. വ്യവസായങ്ങളും കമ്പനികളും അവയുടെ നഷ്ടസാധ്യത കണ്ടെത്തി ഹ്രസ്വകാലം മുതല്‍ പ്ലാന്റുകള്‍ മറ്റ് ആസ്ഥികള്‍ ദീര്‍ഘകാലത്തേക്ക് പോളിസി വാങ്ങി ഇന്‍ഷൂര്‍ ചെയ്യുന്നുമുണ്ട്.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ പോളിസി ഹോള്‍ഡറുടെ പ്രായം, കവറേജ് കിട്ടുന്ന രോഗങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി പ്രീമിയം നിശ്ചയിക്കുന്നു. അതില്‍ തന്നെ പോളിസി ഹോള്‍ഡര്‍ ഹോസ്പിറ്റലില്‍ ബില്‍ അടക്കേണ്ടാത്ത ക്യാഷ്‌ലെസ്സ് പോളിസിയും മറ്റു ധാരാളം ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നവയും നിലവിലുണ്ട്.
- ലൈഫ് ഇന്‍ഷുറന്‍സ്
വ്യക്തികളാണ് ലൈഫ് ഇന്‍ഷുറന്‍സിന്റെ ഉപഭോക്താക്കള്‍. വ്യക്തികളുടെ സാമ്പത്തിക സ്ഥിരത കുടുംബത്തിന്റെ സ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിചാരിതമായ സാഹചര്യത്തില്‍ ഉണ്ടാകുന്ന മരണമോ അതിന് തുല്ല്യമായ അവസ്ഥയോ ഒരു കുടുംബത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വലിയ ഒരു അളവ് വരെ ലൈഫ് ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് ചെയ്യുന്ന തുക (sum assured) ആവും വ്യക്തിയുടെ (പോളിസി ഹോള്‍ഡര്‍) മരണം ഉണ്ടാവുകയാണെങ്കില്‍ ഉപഭോക്താക്കളുടെ നോമിനിക്ക് ലഭിക്കുക. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറ്റവും വലിയ പൊതു മേഖല കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(LIC) കുറഞ്ഞ പ്രീമിയം നിരക്കിലുള്ള term പോളിസികളും ഇന്‍ഡോവ്‌മെന്റ് പോളിസികളും നല്‍കി വരുന്നു. കൂടാതെ ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് ഉയര്‍ന്ന ബോണസും വായ്പ സൗകര്യങ്ങളും നല്‍കി വരുന്നു. ദീര്‍ഘ കാലയളവിലുള്ള പോളിസികളില്‍ ഇടയ്ക്ക് വെച്ച് പോളിസി ഹോള്‍ഡര്‍ക്ക് നിക്ഷിത തുക തിരികെ നല്‍കുന്ന moneyback പോളിസിയും എല്‍ഐസി നല്‍കി വരുന്നു.
- ആരോഗ്യ ഇന്‍ഷുറന്‍സ്
ആരോഗ്യ ഇന്‍ഷുറന്‍സ് എന്നാല്‍ പോളിസി ഹോള്‍ഡറുടെ ആരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ടതാണ്. അപകടങ്ങളില്‍ പരിക്ക് സംഭവിക്കുകയോ, അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ കൊണ്ട് ചികിത്സ തേടുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് ചികിത്സ ചിലവില്‍ ഉണ്ടാവുന്ന സാമ്പത്തിക നഷ്ടം കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് ആണിത്. ഒരിക്കല്‍ പോളിസി എടുത്തയാള്‍ ഓരോ വര്‍ഷവും അല്ലെങ്കില്‍ നശ്ചിത കാലയളവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍ മാത്രമാണ് ചെയ്യേണ്ടത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ യാതൊരു പണമിടപാടും ഇന്‍ഷുറന്‍സിന് നല്‍കുന്നില്ല. ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപറ്റാത്ത പോളിസി ഹോള്‍ഡര്‍ക്ക് പോളിസി പുതുക്കുമ്പോള്‍ നോ ക്ലയിം ബോണസ് വഴി തുടര്‍ന്നുള്ള പ്രീമിയത്തില്‍ ഇളവ് നല്‍കുന്നു.
- മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്
റോഡിലെ അപകടങ്ങളില്‍ നിന്ന് സ്വയം സംരക്ഷണം ഉറപ്പുവരുത്താനാണ് ഈ ഇന്‍ഷുറന്‍സ് എടുക്കുന്നത്. വാഹന അപകടങ്ങള്‍ ഉണ്ടാവുകയോ, മറ്റ് കാരണങ്ങള്‍ വഴി വാഹനങ്ങള്‍ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സാണിത്. വാഹനഉടമ വാഹനം വാങ്ങുമ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇതില്‍ മൂന്ന് ഘടകങ്ങളുണ്ട്. വാഹന ഉടമയ്ക്ക് വ്യക്തിപരമായി ജീവഹാനി ഉള്‍പ്പെടെ ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ വാഹനത്തിന് ഉണ്ടാകുന്ന നഷ്ടങ്ങള്‍, അപകടം മൂലം മൂന്നാമത് ഒരാള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ എന്നീ മൂന്ന് ഘടകങ്ങള്‍ ഈ ഇന്‍ഷുറന്‍സിലൂടെ പരിഹരിക്കപ്പെടുന്നു. ഇങ്ങനെയുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകൃത പാനലില്‍ ഉള്ള surveyor ആണ് വിലയിരുത്തുന്നത്.
- ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രയില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഇന്‍ഷുറന്‍സാണിത്. യാത്രാ മധ്യേ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ നേടാനും മറ്റു കഷ്ടനഷ്ടങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യമാകും. യാത്രാ മധ്യേ ഉണ്ടാകുന്ന ബാഗേജ് നഷ്ടങ്ങള്‍ക്ക് പരിഹാരവും ഈ ഇന്‍ഷുറന്‍സ് ഉറപ്പു നല്‍കുന്നുണ്ട്. ട്രാവല്‍ ഇന്‍ഷുറന്‍സ് സാധാരണ ഉയര്‍ന്ന പ്രീമിയം നിരക്ക് ഉള്ളതാണ്.
- ഭവന ഇന്‍ഷുറന്‍സ്
ഭവന ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് വിഭുലമായ പരിരക്ഷ നല്‍കുന്നുണ്ട്. തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിങ്ങനെയുള്ള അപകടങ്ങളില്‍ നിന്നെല്ലാം കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനും ഭവന ഇന്‍ഷുറന്‍സ് വഴി സാധ്യമാകും. മാത്രമല്ല വീടിനകത്തെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭിവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്ക് പല വിധത്തിലുള്ള സംരക്ഷമാണ് ഉറപ്പുവരുത്തുന്നത്. സ്വന്തം വീടുള്ളവര്‍ക്കും വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്കും അനുയോജ്യമായ പോളിസികള്‍ തെരഞ്ഞെടുത്ത് ഭവന ഇന്‍ഷുറന്‍സിന്റെ ഭാഗമാകാവുന്നതാണ്. വീടിന്റെ കെട്ടിടത്തിന് പല വിധത്തിലുള്ള അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട് ഭവന ഇന്‍ഷുറന്‍സ്.
(തുടരും)