2019ല്‍ മോദി സര്‍ക്കാര്‍ സമ്മാനിച്ച സാമ്പത്തിക ദുരന്തങ്ങള്‍!

December 31, 2019 |
|
Columns

                  2019ല്‍ മോദി സര്‍ക്കാര്‍ സമ്മാനിച്ച സാമ്പത്തിക ദുരന്തങ്ങള്‍!

2019 വിടവാങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു. ഇക്കഴിഞ്ഞു പോകുന്ന വര്‍ഷം ഇന്ത്യയുടെ ധനകാര്യമേഖലയില്‍ സംഭവിച്ച പ്രധാന സംഭവവികാസങ്ങള്‍ എന്തൊക്കെയാണ്. ഓരോ സാധാരണക്കാരന്റെയും ജീവിതവുമായി ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇഴചേര്‍ന്നാണ് കിടക്കുന്നത്. ആളുകളുടെ ക്രയവിക്രയശേഷിയും രാജ്യത്തെ വ്യവസായങ്ങളുടെ വളര്‍ച്ചയും വിപണിയിലെ ഇറക്കുമതിയും കയറ്റുമതിയുമൊക്കെ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ സ്ഥിതി നിശ്ചയിക്കുന്നു.  മോദിസര്‍ക്കാരിനായി രണ്ടാംതവണയും അവസരം നല്‍കിയപ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തൊക്കെയാണ് സംഭവിച്ചത്. 

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചയില്‍ സംഭവിച്ച റെക്കോര്‍ഡ് ഇടിവ് മുതല്‍ മുതല്‍ നിത്യോപയോഗ സാധനങ്ങളില്‍പ്പെട്ട ഉള്ളിവില ആകാശം തൊടുന്നത് വരെ നമ്മള്‍ ഈ വര്‍ഷം നേരിട്ട് കണ്ടു.ഈ വര്‍ഷം  ധനമന്ത്രാലയത്തിന് തങ്ങളുടെ പോളിസികള്‍ കാരണം കനത്ത തിരിച്ചടി തന്നെയാണ് നേരിട്ടത്. ബിസിനസ്സ് വ്യവസായത്തിന് ഇത് ഒരു മോശം വര്‍ഷമായിരുന്നു എന്ന് തന്നെ പറയാം. ബിസിനസ്സ് വ്യവസായങ്ങള്‍ മുതല്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പൊതുമേഖലാ യൂണിറ്റുകള്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍) വരെ കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്, അത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തടയുക മാത്രമല്ല, സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി തന്നെ ബാധിക്കുകയും ചെയ്തു.

സര്‍ക്കാര്‍ നയങ്ങള്‍ കാരണം ഈ വര്‍ഷം സംഭവിച്ച സാമ്പത്തിക ദുരന്തങ്ങള്‍ പരിശോധിക്കാം

ജിഡിപി ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

2019ല്‍ ഇന്ത്യ ജിഡിപി വളര്‍ച്ചയുടെ ആറ് പാദങ്ങളിലും കനത്ത ഇടിവിനാണ് സാക്ഷിയാകേണ്ടി വന്നത്. 23 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ നമ്മള്‍ കടന്നുപോയി. നേരത്തെ ഇത്രയും വലിയ ഇടിവ് 2011 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തിലും 2013 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തിലുമാണ് ഇത്രയും വലിയ മാന്ദ്യം ആറ് പാദങ്ങളില്‍ തുടര്‍ച്ചയായി സംഭവിച്ചിട്ടുള്ളത്. 2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 4.5 ശതമാനമാണ്  ജിഡിപി രേഖപ്പെടുത്തിയത്. മുന്‍പാദത്തില്‍ ഇത് 5 ശതമാനമായിരുന്നു.

ത്രൈമാസ ജിഡിപി വളര്‍ച്ചയിലെ തുടര്‍ച്ചയായ ആറാമത്തെ ഇടിവാണിത്. രാജ്യത്തിന്റെ ഉല്‍പ്പാദനമേഖലയില്‍ സംഭവിച്ച ഒരു ശതമാനം ഇടിവായിരുന്നു ഇതിനൊരു പ്രധാനകാരണം. ഉല്‍പ്പാദനമേഖലയില്‍ വന്‍ മാന്ദ്യമാണ് രാജ്യത്ത് ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. നിരവധി മാനുഫാക്ച്ചറിങ് ഫാക്ടറികളും വ്യവസായങ്ങളുമൊക്കെ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യമേഖലയിലെ വ്യവസായങ്ങളുടെ ഉല്‍പ്പാദനത്തിലും ഇടിവ് തന്നെ നേരിട്ടു. 5.8%ആയാണ് കുറഞ്ഞതെന്ന് ഡാറ്റകള്‍ തെളിയിക്കുന്നു. ഇത് 2005ന് ശേഷമുള്ള ഏറ്റവും വലിയ ചുരുങ്ങലാണ്. കൂടാതെ വരും വര്‍ഷം ധനകമ്മി ഉയരുമെന്ന് ആര്‍ബിഐ സൂചന നല്‍കിയിട്ടുണ്ട്ജിഡിപി അനുമാനം കുറച്ച് ആര്‍ബിഐയും മോര്‍ഗനും ഒക്കെ രംഗത്തെത്തിയതും 2019ല്‍ ഇന്ത്യന്‍ സാമ്പത്തികരംഗം സാക്ഷിയായി.

ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടി

ഈ വര്‍ഷം ഇന്ത്യന്‍ വ്യോമമേഖലയില്‍ നിന്ന് ഒരു കമ്പനികൂടി നഷ്ടം സഹിക്കാന്‍ സാധിക്കാതെ വിടവാങ്ങി. ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേസ് ഇന്ത്യാ ലിമിറ്റഡ് ആണ് അടച്ചുപൂട്ടിയത്. 20,000 ജീവനക്കാരാണ് ജോലിയില്ലാതെ വഴിയാധാരമായത്. കമ്പനിയുടെ എല്ലാ ഫ്‌ളൈറ്റ് സര്‍വീസും നിര്‍ത്തിവെക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ജീവനക്കാരന്‍ ഹൃദയാഘാതം വന്ന് മരിച്ചതും ആ സമയത്ത് വന്‍ വാര്‍ത്തയായിരുന്നു.

പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം

ഓരോ പൊതുമേഖലാ ബാങ്കുകളുടെയും വളര്‍ച്ച മുരടിക്കുമ്പോഴാണ് അതിനെ ലയനത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിടുക. 2019 ഓഗസ്റ്റ് 30ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചു. 10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കും. മെഗാ ലയനം പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് തമ്മിലാണ്. ഇവ ലയിപ്പിച്ച് രണ്ടാമത്തെ വലിയ പിഎസ്ബിയായി മാറിയത്. കാനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും സംയോജിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്ക് സ്ഥാപനമാകും.

യൂണിയന്‍ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവ ലയിപ്പിച്ച് അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുകയും ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുകയും ചെയ്യും. ഏഴാമത്തെ വലിയ. ലയനത്തിന് ശേഷം, പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27 ല്‍ നിന്ന് 12 ആയി കുറയും.

പിഎംസി ബാങ്ക് പ്രതിസന്ധി

2019 സെപ്റ്റംബര്‍ 24 ന് ആണ്  പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പുറത്തുവന്നത്.   ആര്‍ബിഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുംബൈ ആസ്ഥാനമായുള്ള ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആറുമാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അടുത്ത ആറുമാസത്തിനുള്ളില്‍ ഒരു ഉപഭോക്താവിന് അവരുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക സെന്‍ട്രല്‍ ബാങ്ക് പരിമിതപ്പെടുത്തി .ബാങ്കില്‍ കോടികളുടെ വായ്പാതട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. വായ്പാതട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ തങ്ങളുടെ അക്കൗണ്ടുകളിലെ തുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തില്‍ ചില നിക്ഷേപകര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. പിഎംസിയുടെ സ്ഥാപകര്‍ തന്നെയായിരുന്നു ഏറ്റവും വലിയ വായ്പാതട്ടിപ്പ് നടത്തിയതും. ഹൗസിങ് ഡവലപ്പമെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്  എന്ന ഈ ഏറ്റവും വലിയ വായ്പക്കാരന്‍ പാപ്പരായി പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധികളുടെ തുടക്കം.

മഹാരാഷ്ട്ര, ന്യൂഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടി-സ്റ്റേറ്റ് ഷെഡ്യൂള്‍ഡ് നഗര സഹകരണ ബാങ്കാണ് പിഎംസി ബാങ്ക്. 137 ശാഖകളുടെ ശൃംഖലയുള്ള രാജ്യത്തെ മികച്ച 10 സഹകരണ ബാങ്കുകളില്‍ ഒന്നാണ് ഇത്. ഇതിന്റെ തകര്‍ച്ചയ്ക്കും ഈ വര്‍ഷം സാക്ഷിയായി.

ഉള്ളിവിലക്കയറ്റം

സാധാരണക്കാരായ ജനങ്ങളെ വല്ലാതെ ദുരിതത്തിലാക്കിയ ഉള്ളിവിലക്കയറ്റത്തിന് ഈ വര്‍ഷം സാക്ഷിയായി. പൊള്ളുന്ന ഉള്ളിവിലയും ഉളളിക്ഷാമവും കാരണം രാജ്യത്ത് ഉള്ളിക്കൊള്ളകള്‍ വരെ അരങ്ങേറി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കിലോയ്ക്ക് 80 രൂപ വരെ ഉയര്‍ന്നിരുന്ന ഉള്ളിവില നവംബര്‍ മാസാവസാനത്തോടെ 150 രൂപയിലേക്ക് കുതിച്ചുചാടി. 

മൊത്തക്കച്ചവട വിപണികളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉള്ളി വിലയില്‍ നാലിരട്ടി വര്‍ധനയുണ്ടായി. ചില്ലറ വിപണിയില്‍ വിലയില്‍ ആപേക്ഷിക വര്‍ധനയുണ്ടായി. മൊത്ത ഉള്ളി വില കിലോഗ്രാമിന് 37.50-112.50 രൂപയായി കണക്കാക്കി. ഇത് ദേശീയ തലസ്ഥാനത്തെ ആസാദ്പൂര്‍ മണ്ഡിയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. റീട്ടെയില്‍ വിപണികളില്‍ ഉള്ളിയ്ക്ക് ദില്ലിയിലും എന്‍സിആറിനും കിലോയ്ക്ക് 100-150 രൂപയാണ് തിങ്കളാഴ്ച വില. വരും ദിവസങ്ങളില്‍ ചില്ലറ വില്‍പ്പന വില ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.

തുര്‍ക്കി,ഈജ്പിത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് പ്രശ്‌നപരിഹാരം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടപ്പായില്ല. ആളുകള്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതും നോക്കി ഇപ്പോഴും നെടുവീര്‍പ്പിടുന്നു.ഇതിനിടെ താന്‍ ഉള്ളി കഴിക്കാറില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ പൊല്ലാപ്പുകളും ഉണ്ടാക്കിയത് 2019ല്‍കണ്ടു

മഹാരത്‌ന കമ്പനികള്‍ വില്‍പ്പനക്ക് വെച്ച് കേന്ദ്രം

രാജ്യത്തെ മഹാരത്‌ന കമ്പനിയായ ഭാരത് പെട്രോളിയം ലിമിറ്റഡ് ,എയര്‍ഇന്ത്യ,കോണ്‍കോര്‍ അടക്കമുള്ള പൊതുമേഖലാ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനക്ക് വെച്ചതും ഈ വര്‍ഷം സാക്ഷിയായി.സാമ്പത്തികമാന്ദ്യം മറികടക്കാനും സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള തുക കണ്ടെത്താനുമാണ് ബജറ്റിന് മുന്നോടിയായി ഈ കമ്പനികള്‍ സ്വകാര്യവത്കരിക്കുന്നത്. അമ്പതിനായിരം കോടി രൂപ എളുപ്പം കണ്ടെത്താനാണ് സ്വകാര്യവത്കരണമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെ ലേലം നടപടികളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍ .അതേസമയം വില്‍പ്പന മാര്‍ച്ച് 31നകം സാധ്യമാകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.ഇതിനിടെ സ്‌പൈസ് ജെറ്റിന് പിന്നാലെ അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് എയര്‍ ഇന്ത്യയും നീങ്ങുമെന്ന വാര്‍ത്തകളും വരുന്നു.

കോര്‍പ്പറേറ്റ് നികുതിയിളവ്

കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും ഈ വര്‍ഷം സര്‍ക്കാര്‍ നടത്തി. ഇടക്കാല ബജറ്റിലെ പോരായ്മകള്‍ തീര്‍ക്കാനാണ് ധനവകുപ്പ്മന്ത്രി ഈ നിലപാട് സ്വീകരിച്ചത്. വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഈ തീരുമാനം ഗുണകരമായി. എന്നാല്‍ നിലവിലെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ഈതീരുമാനം കാരണം സാധിക്കില്ലെന്ന് സാമ്പത്തിക ലോകം വിലയിരുത്തുന്നു.

സാമൂഹ്യസുരക്ഷാ കോഡ് ബില്ലിലൂടെ പിഎഫ് വിഹിതം വെട്ടിക്കുറച്ചു

ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ധിപ്പിച്ച് സാമ്പത്തികമാന്ദ്യത്തിന് പരിഹാരം കാണാനായിരുന്നു ധനവകുപ്പ്മന്ത്രി തീരുമാനിച്ചത്. ഇതിനായി പുതുതായി അവതരിപ്പിച്ച സാമൂഹ്യസുരക്ഷാ കോഡ് ബില്ലില്‍ പിഎഫ് വിഹിതം 9% ആയി വെട്ടിക്കുറച്ചാണ് തീരുമാനമെടുത്തത്. ജീവനക്കാരന്‍ പിഎഫിലേക്ക് അടക്കേണ്ട വിഹിതം വെട്ടിക്കുറച്ചപ്പോള്‍ യഥാര്‍ത്ഥ്യത്തില്‍ ജനങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കാണ് കോട്ടം സംഭവിച്ചത്. സേവിങ്‌സ് മെന്റാലിറ്റി നഷ്ടപ്പെടുത്തി കിട്ടുന്ന പണം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷമുള്ള സാമ്പത്തിക സുരക്ഷ ഇല്ലാതാക്കുന്ന തീരുമാനമാണെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു

ഒന്നാം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പല സാമ്പത്തികനയങ്ങളുടെയും വിളവെടുപ്പാണ് 2019ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നോട്ട്‌നിരോധനവും ജിഎസ്ടിയുമൊക്കെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പൂര്‍ണമായും ഒടിച്ചുകൊണ്ടിരിക്കുകയാണ്. അന്നത്തെ ത്വരിതഗതിയിലുള്ള തീരുമാനങ്ങളുടെ ഫലങ്ങള്‍ ധനകാര്യമേഖലയില്‍ ബാധിച്ചുതുടങ്ങിയതിന്റെ ക്ഷീണത്തിലാണ് 2019 എന്ന സാമ്പത്തിക വര്‍ഷം വിടവാങ്ങുന്നത് . ഇനി പുതിയ പോളിസികള്‍ കാണാനും നല്ലഭാവി പ്രതീക്ഷിച്ചുകൊണ്ടും നമുക്ക് 2020 നെ വരവേല്‍ക്കാം.

Sabeena T K

Sub Editor Financial View
mail: [email protected]

Related Articles

© 2022 Financial Views. All Rights Reserved