ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച് സംശയങ്ങള്‍ മാറിയില്ലേ? ആരൊക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണം എന്നത് മുതല്‍ ഫോമില്‍ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ വരെ അറിയാം; ഇ-ഫയലിങ് സംബന്ധിച്ചും ഒട്ടേറെ മുഖ്യ കാര്യങ്ങളുണ്ടേ

July 26, 2019 |
|
Investments

                  ആദായ നികുതി റിട്ടേണ്‍ സംബന്ധിച്ച് സംശയങ്ങള്‍ മാറിയില്ലേ? ആരൊക്കെ റിട്ടേണ്‍ ഫയല്‍ ചെയ്യണം എന്നത് മുതല്‍ ഫോമില്‍ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ വരെ അറിയാം; ഇ-ഫയലിങ് സംബന്ധിച്ചും ഒട്ടേറെ മുഖ്യ കാര്യങ്ങളുണ്ടേ

ഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷം ലഭിച്ച വരുമാന നികുതി സംബന്ധിച്ചുള്ള ആദായ നികുതി റിട്ടേണ്‍ ഓഗസ്റ്റ് 31 വരെ സമര്‍പ്പിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഇത് ജൂലൈ 31ന് മുന്‍പ് അടയ്ക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.  എന്നാല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും തൊഴിലുടമകള്‍ സ്രോതസ്സില്‍ നികുതി പിടിക്കുന്നതിന്റെ വിശദ രേഖയായ ഫോം 16 തൊഴിലാളികള്‍ക്കു നല്‍കാനുള്ള സമയപരിധി 25 ദിവസം നീട്ടി ജൂലൈ 10 ആക്കിയിരുന്നു. ഈ കാലതാമസം കാരണം പലര്‍ക്കും ഈ 31ന് മുന്‍പു റിട്ടേണ്‍ സമര്‍പ്പിക്കാനാവില്ലെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സമയം നീട്ടാന്‍ തീരുമാനമായത്. 1961 ലെ ഇന്‍കം ടാക്സ് ആക്ട് പ്രകാരം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ വിവിധ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വ്യക്തിയും സ്ഥാപനവും ഇന്‍കംടാക്സ് ഫയല്‍ ചെയ്യേണ്ടത്.  

ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേര്‍ക്കണമെന്ന് നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍ നികുതി കിഴിവിനുള്ള പലതും ഇതില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം. സമയം കഴിഞ്ഞാല്‍ നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമര്‍പ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച് 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം. 

ഡിസംബര്‍ 31-നുമുമ്പാണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ. അതിനുശേഷം മാര്‍ച്ച് 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതി വകുപ്പു നല്‍കുന്ന പലിശ ലഭിക്കുകയുമില്ല.

നികുതി കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള വരുമാനവും ഇത്തവണത്തെ റിട്ടേണില്‍ രേഖപ്പെടുത്തണം. ഇത്തരത്തിലെ വിവിധ വരുമാനങ്ങളുടെ പട്ടിക കോളത്തില്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഏതൊക്കെ ഇനത്തില്‍ വരുമാനം നിങ്ങള്‍ക്ക് ഉണ്ട് അതെല്ലാം ഓരോന്നായി സെലക്ട് ചെയ്ത് തുക രേഖപ്പെടുത്തണം.

പ്രകൃതിക്ഷോഭം മൂലം സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ചിട്ടുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് ലഭിച്ച തുക, ബോണസ്, പ്രോവിഡന്റ് ഫണ്ട് തുക, എന്‍.പി.എസില്‍ നിന്ന് ലഭിച്ച തുക, പഠനച്ചിലവിന് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുക, ഗവണ്‍മെന്റില്‍ നിന്ന് ലഭിച്ച അവാര്‍ഡ് തുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം തുകകള്‍ വരുമാനം കണക്കാക്കാന്‍ ആദായ നികുതി വകുപ്പ് പരിഗണിക്കില്ല. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയാലും അത് നിങ്ങളുടെ വരുമാനത്തെ ബാധിക്കില്ല. 

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ആരൊക്കെ ? 

2.5 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനവും 60 വയസില്‍ താഴെ പ്രായവുമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ആദായ നികുതി അടയ്ക്കണം. 

മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 60നും 80നും ഇടയില്‍ പ്രായമുള്ള വ്യക്തികളും ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യണം. 

80 വയസിന് മുകളുള്ളവര്‍ക്ക് 5 ലക്ഷം രൂപയാണ് വരുമാന പരിധി.      

ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ ഒരു പൗരന് വിദേശത്ത് പ്രോപ്പര്‍ട്ടിയോ, സാമ്പത്തിക താല്പര്യങ്ങളോ, സ്ഥാപനമോ ഉണ്ടെങ്കില്‍, അക്കൂട്ടര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം.

ഇന്ത്യയില്‍ സ്ഥിരതാമസക്കാരനായ ഒരാള്‍ക്ക് വിദേശത്തുള്ള അക്കൗണ്ടില്‍ ശെഴിശിഴ മൗവേീൃശ്യേ ഉണ്ടെങ്കില്‍ ആ വ്യക്തിയും ആദായ നികുതിയടയ്ക്കണം.          

ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമോ നഷ്ടമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാണ്. 

ആനുവല്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണിന് കീഴില്‍ എന്തെങ്കിലും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം 

റീഫണ്ട് ലഭിക്കണമെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം 

രാഷ്ട്രീയം, മതം, ഗവേഷണം, ആതുരസേവനം എന്നിവയുമായി ബന്ധപ്പെട്ട  സ്വത്തുക്കള്‍, മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുഷന്‍, ആശുപത്രി, അതുപോലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനത്തിന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണ്ടതുണ്ട്.  

ആദായ നികുതി റിട്ടേണ്‍ ഫോമില്‍ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ 

ക്യാപിറ്റല്‍ ഗെയ്ന്‍സ് 

ലിസ്റ്റഡ് ആയിട്ടുള്ള ഓഹരിയോ ഇക്വിറ്റി അധിഷ്ഠിതമായ മ്യൂച്ച്വല്‍ ഫണ്ട് യൂണിറ്റോ വില്പന നടത്തിയതില്‍ നിന്നുള്ള ദീര്‍ഘകാല ക്യാപിറ്റല്‍ ഗെയ്ന്‍സ് (LTCG) 1 ലക്ഷം രൂപയില്‍ കവിഞ്ഞാല്‍ നികുതി നല്‍കണമെന്ന വ്യവസ്ഥ അവതരിപ്പിച്ചത് 2018 ബജറ്റിലാണ്. ഇപ്പറഞ്ഞ LTCG നികുതി 2019-20 അസസ്മെന്റ് വര്‍ഷം മുതല്‍ നിലവില്‍ വരും.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം വഹിച്ചിട്ടുണ്ടെങ്കില്‍ പുതിയ ITR ഫോമില്‍ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (DIN) നല്‍കണം. കൂടാതെ കമ്പനിയുടെ പേര്, പാന്‍ നമ്പര്‍ കൈവശമുള്ള ഓഹരിയുടെ എണ്ണം, വിറ്റ ഓഹരിയുടെ എണ്ണം എന്നിവ നല്‍കണം. മേല്‍പ്പറഞ്ഞ ഡയറക്ടര്‍മാര്‍ ITR 2 അല്ലെങ്കില്‍ ITR 3 ഫോമുകളാണ് സമര്‍പ്പിക്കേണ്ടത്. മുന്‍വര്‍ഷം ITR 1 (SAHAJ) സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. കള്ളപ്പണവും കടലാസു കമ്പനികളുടെ രുപീകരണവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റം.

സ്ഥാവര ജംഗമ വസ്തുക്കള്‍

സ്ഥാവര ജംഗമ വസ്തുക്കള്‍ (ഇമ്മൂവബിള്‍ പ്രോപ്പര്‍ട്ടി) കൈമാറ്റം ചെയ്യുമ്പോഴത്തെ ക്യാപിറ്റല്‍ ഗെയ്ന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുതിയ ഫോമില്‍ വെളിപ്പെടുത്തണം. കൈമാറ്റം ചെയ്ത പ്രോപ്പര്‍ട്ടിയുടെ വിലാസം, ബയറുടെ പേര്, പാന്‍ നമ്പര്‍ എന്നിവയും നല്‍കണം. ഇടപാടില്‍ ഒന്നിലധികം ബയര്‍മാരുണ്ടെങ്കില്‍, ഇടപാടില്‍ ഒരോര്‍ത്തരുടേയും ഷെയറും വെളിപ്പെടുത്തണം.

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് 

വ്യക്തികള്‍ തങ്ങളുടെ വരുമാനം ബിസിനസില്‍ നിന്ന് ലഭിക്കുന്നതാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്  ITR 2 അല്ലെങ്കില്‍ ITR 3 സമര്‍പ്പിക്കേണ്ടത്. ഈ രണ്ട് ഫോമിലും നികുതി ദായകന്റെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വെളിപ്പെടുത്താനുള്ള കോളമാണ് ആണ് മാറ്റങ്ങളില്‍ ഒന്ന്. ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം, ഒരു വ്യക്തിയുടെ മേല്‍ ചുമത്തുന്ന നികുതി അയാളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും.

'റസിഡന്റ്' ആയിരുന്നോ 'നോട്ട് ഓര്‍ഡിനറിലി റസിഡന്റ്' ആയിരുന്നോ 'നോണ്‍റസിഡന്റ്' ആയിരുന്നോ എന്ന വിവരങ്ങളും എത്ര ദിവസം ഇന്ത്യയിലുണ്ടായിരുന്നു എന്ന വിവരങ്ങളും പുതിയ ഫോമില്‍ നല്‍കേണ്ടി വരും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതിദായകന്‍ 182 ദിവസം ഇന്ത്യയില്‍ ഉണ്ടായിരുന്നോ എന്നതാണ് ഫോമില്‍ വ്യക്തമാക്കേണ്ടത്. അതല്ലെങ്കില്‍ കഴിഞ്ഞ വര്‍ഷം 60 ദിവസവും കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ 365 ദിവസവും രാജ്യത്ത് തങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണം.

വിദേശ സ്വത്തുക്കള്‍

വിദേശ ഡെപ്പോസിറ്ററി, കസ്റ്റോഡിയന്‍ അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിദേശ ആസ്തികള്‍ നികുതി ദായകര്‍ വെളിപ്പെടുത്തണം. ഏതെങ്കിലും വിദേശ ആസ്തികളില്‍ നടത്തിയ നിക്ഷേപങ്ങളില്‍ (ഇക്വിറ്റി, ഡെറ്റ് തുടങ്ങിയവ) നിന്നും ലഭിച്ച നേട്ടം ഉണ്ടെകില്‍ അതും പുതുക്കിയ ഫോമില്‍ രേഖപ്പെടുത്തണം. രാജ്യത്തിന്റെ പേര്, സ്ഥാപനത്തിന്റെ പേര്, സ്വഭാവം, ആസ്തി ഏറ്റെടുത്ത തീയതി തുടങ്ങിയ വിവരങ്ങള്‍ സഹിതമാണ് നല്‍കേണ്ടത്.

ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം കാര്‍ഷിക വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പുതുക്കിയ ഫോമില്‍, കൃഷി ഭൂമിയുടെ വലിപ്പം, ജില്ല, വര്‍ഷം 5 ലക്ഷം രൂപയിലധികം വരുമാനമുണ്ടോ, ലീസിനെടുത്ത ഭൂമിയാണോ അതോ സ്വന്തം ഭൂമിയാണോ, മഴയെ ആശ്രയിക്കുന്ന കൃഷിയാണോ അതോ ജനസേചന സൗകര്യമുണ്ടോ എന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.

അണ്‍ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകള്‍ 

പുതുക്കിയ ഫോമില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങള്‍ ഏതെങ്കിലും അണ്‍ലിസ്റ്റഡ് ഇക്വിറ്റി ഷെയറുകള്‍ കൈവശം വച്ചിരുന്നോ എന്ന കാര്യം നികുതിദായകര്‍ വെളിപ്പെടുത്തേണ്ടതുണ്ട്. കമ്പനിയുടെ പേര്, പാന്‍ നമ്പര്‍, കൈവശമുള്ള ഓഹരിയുടെ എണ്ണം, വിറ്റ ഓഹരിയുടെ എണ്ണം, വാങ്ങിയ തുക, ഇഷ്യൂ തുക തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായുണ്ട്.

മറ്റ് വരുമാന മാര്‍ഗങ്ങള്‍

നികുതി നല്‍കേണ്ടതായുള്ള മറ്റു വരുമാന മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ പുതുക്കിയ ഫോമില്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ് ഫണ്ടില്‍ നിന്നുള്ള പലിശ, ഏതെങ്കിലും സര്‍ക്കാര്‍ ഇന്‍സ്ട്രുമെന്റില്‍ നിന്നുള്ള പലിശ, ഏതെങ്കിലും ഇന്ത്യന്‍ സ്ഥാപനത്തിന്റെ ഫോറിന്‍ കറന്‍സി ഡെറ്റിന്മേലുള്ള പലിശ എന്നിങ്ങനെ പല വിഭാഗങ്ങളിലായി തരം തിരിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്.

കൂടാതെ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഒഴികെ എല്ലാവരും ആദായ നികുതി റിട്ടേണ്‍ ഇ-ഫയലിംഗ് ചെയ്യണം എന്നത് നിര്‍ബന്ധമാക്കി. കഴിഞ്ഞ വര്‍ഷം അഞ്ചു ലക്ഷത്തില്‍ കുറഞ്ഞ വരുമാനമുള്ളവരും റീഫണ്ട് ക്ലെയിം ഇല്ലാത്തവരും കടലാസില്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

ഇ- റിട്ടേണ്‍

ഇ-റിട്ടേണ്‍ നല്‍കുന്ന സമയത്തോ പിന്നീടോ നികുതിദായകന് ഇ-വെരിഫിക്കേഷന്‍ നടത്താം. അതിനായി ഇന്‍കം ടാക്സ് വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം 'ഇ-ഫയല്‍ ഇ-വെരിഫൈ' റിട്ടേണ്‍ ഓപ്ഷനില്‍ ക്ലിക് ചെയ്യുക. താഴെ പറയുന്ന രീതികളില്‍ ഏതെങ്കിലുമൊന്ന് വഴി ഇ-വെരിഫിക്കേഷന്‍ നടത്താം:

1. ആദായനികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലിലും ഇ-മെയിലിലും ലഭിക്കുന്ന പത്തക്ക ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ് (ഇ.വി.സി.) വഴി. ഈ കോഡിന് 72 മണിക്കൂര്‍ കാലാവധിയുണ്ട്.

2. ആധാര്‍ ഒ.ടി.പി. (വണ്‍ ടൈം പാസ്വേഡ്)

3. നെറ്റ് ബാങ്കിങ് വഴി ലോഗ് ഇന്‍ ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

4. ബാങ്ക് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

5. ഡി-മാറ്റ് അക്കൗണ്ട് നമ്പര്‍ വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

6. ബാങ്ക് എ.ടി.എം. വഴി ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യാം.

ഇ ഫയലിങ് ചെയ്യാന്‍  വേണ്ടവ

പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍(PAN)/ ആധാര്‍ നമ്പര്‍

ഫോം 16, ഫോം 16 എ

ടിഡിഎസ് സര്‍ട്ടിഫിക്കേറ്റുകള്‍

ഹോം ലോണ്‍ ഡോക്യുമെന്റുകള്‍

ഫോം 26 എ എസ്

5.50 ലക്ഷം രൂപയില്‍ അധികം വരുമാനമുണ്ടെങ്കില്‍ അസറ്റ്, ലയബലിറ്റി വിവരങ്ങള്‍.

വരുമാനത്തിലേക്കു കണക്കാക്കപ്പെടുന്ന മറ്റ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍.

ആദ്യം ചെയ്യേണ്ടത്

ഇ ഫയലിംഗിന് ആദ്യമായി വേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഇ ഫയലിംഗ് വെബ്സൈറ്റായ https://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Login Here അല്ലെങ്കില്‍ e-File >> എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകാം. അടുത്ത സ്‌ക്രീനില്‍ കാണുന്ന ലോഗിന്‍ വിന്‍ഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേര്‍ഡ്, ജനനതീയതി എന്നിവ നല്‍കി ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണം. യൂസര്‍ ഐ.ഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇ-ഫയലിംഗ് സാധ്യമല്ല. നിങ്ങള്‍ നല്‍കിയ വിരങ്ങള്‍ കൃത്യമാണങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കും.

നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ New To e-Filing? എന്നതിന് താഴെയുള്ള Register Yourself എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്നീട് വരുന്ന വിന്‍േഡായില്‍ Individual/HUF എന്ന ഹെഡില്‍ Individual എന്നത് സലക്ട് ചെയ്ത് Continue ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ താഴെ കാണുന്ന രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഇതില്‍ നിങ്ങളുടെ പാന്‍ നമ്പരും മറ്റ് വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ചുവന്ന സ്റ്റാര്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ഫീല്‍ഡുകള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. 

ഇ-റിട്ടേണ്‍ നടത്തുന്ന സമയത്ത് വെരിഫിക്കേഷന്‍ നടത്താന്‍:

* ആദായ നികുതി വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.

* ക്ലിക്ക് ഇ-ഫയല്‍.

* സെലക്ട് അപ്ലോഡ് റിട്ടേണ്‍.

* അസസ്‌മെന്റ് വര്‍ഷം, ഐ.ടി.ആര്‍. ഫോം നമ്പര്‍ എന്നിവ തിരഞ്ഞെടുക്കുക.

* എക്സ്.എം.എല്‍. ഫയല്‍ അപ്ലോഡ് ചെയ്യുക.

അപ്പോള്‍ നാല് ഓപ്ഷന്‍ ലഭിക്കും:

1. ഇ.വി.സി. ഉണ്ട്. റിട്ടേണ്‍ വെരിഫൈ ചെയ്യുക.

2. ഇ.വി.സി ഇല്ല. ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക.

3. ആധാര്‍ ഒ.ടി.പി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക.

4. ഐ.ടി.ആര്‍.-വി പ്രിന്റ് ചെയ്ത് സി.പി.സി.ക്ക് അയയ്ക്കുക. അല്ലെങ്കില്‍, പിന്നീട് ഇ-വെരിഫൈ ചെയ്യുക.

പിന്നീട് വെരിഫിക്കേഷന്‍ നടത്താന്‍:

* ആദായ നികുതി വെബ് സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.

* ഇ-ഫയല്‍ ക്ലിക്ക് ചെയ്യുക.

* ഇ-വെരിഫൈ റിട്ടേണ്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ മുകളില്‍ പറഞ്ഞ നാല് ഓപ്ഷന്‍ ലഭിക്കും. 

1. ഇ.വി.സി. ഉണ്ട്: റിട്ടേണ്‍ വെരിഫൈ ചെയ്യുക: നേരത്തെ ജനറേറ്റ് ചെയ്ത് ഇ.വി.സി. കോഡ് അടിച്ച് സബ്്മിറ്റ് ചെയ്യുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. 2. ഇ.വി.സി. ഇല്ല: ഇ.വി.സി. ജനറേറ്റ് ചെയ്ത് ഇ-വെരിഫൈ ചെയ്യുക. 

Related Articles

© 2024 Financial Views. All Rights Reserved