
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. സെന്‍സെക്‌സ് 97.30 പോയിന്റ് അഥവാ 0.29 ശതമാനം ഇടിഞ്ഞ് 33,507.92 പോയിന്റിലെത്തി. നിഫ്റ്റി സൂചിക 36.25 പോയിന്റ് അഥവാ 0.37 ശതമാനം കുറഞ്ഞ് 9,877.75ല്‍ ക്ലോസ് ചെയ്തു. അതേസമയം, നിഫ്റ്റി മിഡ്കാപ്പ് സൂചിക 0.06 ശതമാനം ഉയര്‍ന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി സ്മോള്‍കാപ്പ് സൂചിക 0.49 ശതമാനം ഉയര്‍ന്നു.
ഇന്ന് നിഫ്റ്റി മീഡിയ മികച്ച പ്രകടനം കാഴ്ചവച്ചു. ഏകദേശം 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് വിപണിയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത്. ബാങ്ക് ഓഹരികള്‍, മെറ്റല്‍, എഫ്എംസിജി സൂചികകളും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, വിപ്രോ, ബ്രിട്ടാനിയ, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഭാരതി ഇന്‍ഫ്രാടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, പവര്‍ ഗ്രിഡ്, എം ആന്‍ഡ് എം എന്നിവ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. എയ്സ് നിക്ഷേപകനായ രാധാകിഷന്‍ ദമാനി കമ്പനിയുടെ നിയന്ത്രണ ഓഹരി വാങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ബുധനാഴ്ച ഇന്ത്യ സിമന്റ്‌സ് ഓഹരികള്‍ 10 ശതമാനത്തിലധികം ഉയര്‍ന്നു. 2020 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനി വരുമാനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് എച്ച്പിസിഎല്ലിന്റെ ഓഹരികള്‍ ഇന്ന് ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 4 ശതമാനത്തിലധികം ഉയര്‍ന്നു.