അഞ്ചു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.86 ലക്ഷം കോടി! ബിഎസ്ഇ സെന്‍സെക്‌സ് 135 പോയിന്റ് ഇടിഞ്ഞ് 37,847ല്‍; വിദേശ ഫണ്ടുകളുടെ ഒഴുക്കടക്കം പ്രതികൂലമായെന്ന് വിദഗ്ധര്‍

July 25, 2019 |
|
Investments

                  അഞ്ചു ദിവസം കൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.86 ലക്ഷം കോടി! ബിഎസ്ഇ സെന്‍സെക്‌സ് 135 പോയിന്റ് ഇടിഞ്ഞ് 37,847ല്‍; വിദേശ ഫണ്ടുകളുടെ ഒഴുക്കടക്കം പ്രതികൂലമായെന്ന് വിദഗ്ധര്‍

ഡല്‍ഹി: വെറും അഞ്ചു ദിവസത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 5.86 ലക്ഷം കോടി രൂപ. കഴിഞ്ഞ ദിവസം ബിഎസ്ഇ സെന്‍സെക്‌സ് 135 പോയിന്റ് ഇടിഞ്ഞ് 37,847ല്‍ എത്തിയതിന് പിന്നാലെയാണ് കോടികളുടെ നഷ്ടക്കണക്കുകളും പുറത്ത് വരുന്നത്. വിദേശ ഫണ്ടകളുടെ കനത്ത ഒഴുക്കും കോര്‍പ്പറേറ്റ് വരുമാനത്തിലെ ഇടിവുമാണ് ഇതിന് കാരണമായി വിദഗ്ധര്‍ കാട്ടുന്നത്. കഴിഞ്ഞ അഞ്ചു സെഷനുകളിലായി ബിഎസ്ഇ സെന്‍സെക്‌സ് 1367.99 പോയിന്റാണ് താഴ്ന്നത്.

ബുധനാഴ്ച്ച മാത്രം 135.09 പോയിന്റ് ഇടിഞ്ഞ് 37,847.65ലാണ് ക്ലോസ് ചെയ്തത്. മാര്‍ക്കറ്റ് ദുര്‍ബലമായതോടെ വിപണി മൂല്യം 5,86,008.88 കോടി ഇടിഞ്ഞ് 1,43,27,797.54 കോടിയിലെത്തി. ആഗോളതലത്തില്‍ പിന്തുണ കുറഞ്ഞതും വിപണിയിലെ ആഭ്യന്തര വികാരത്തിലുണ്ടായ മന്ദതയുമാണ് സൂചികകള്‍ ഇടിയാന്‍ കാരണമായതെന്നാണ് നിഗമനം. മാത്രമല്ല 2020ലെ ആദ്യ പാദത്തിലേക്കാണ് ഇപ്പോള്‍ നിക്ഷേപകരുടെ നോട്ടം.  ആഗോളതലത്തില്‍ നോക്കിയാല്‍ നിക്ഷേപകര്‍ ജൂലൈ 30 മുതല്‍ 31 വരെ നടക്കുന്ന ഫെഡറല്‍ മീറ്റിംഗിലേക്കാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് ''റിലീഗെയര്‍ ബ്രോക്കിംഗ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അജിത് മിശ്ര വ്യക്തമാക്കിയിരുന്നു. 

2019 ലും 2020 ലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാകുമെന്ന് ഐഎംഎഫ് ചൊവ്വാഴ്ച പ്രവചിച്ചിരുന്നു. ഇത് പ്രകാരം രണ്ട് വര്‍ഷത്തേയും വളര്‍ച്ച 0.3 പോയിന്റ് കുറഞ്ഞ് യഥാക്രമം 7 ശതമാനവും 7.2 ശതമാനവുമാകും. ആഭ്യന്തര ആവശ്യത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ദുര്‍ബലമായ അവസ്ഥായാണിതെന്ന് സൂചിപ്പിക്കുന്നു. ബിഎസ്ഇയില്‍ 1,642 കമ്പനികള്‍ നഷ്ടം നേരിട്ടപ്പോള്‍ 807 കമ്പനികള്‍ നേട്ടം കൊയ്യുകയും 160 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. 400 ഓളം കമ്പനികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. 

Related Articles

© 2024 Financial Views. All Rights Reserved