
ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും പരിചിതമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ട് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് സമഗ്രാധിപത്യമുള്ള സ്ഥാപനമാണ്. ഐആര്‍സിടിസി കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പബ്ലിക് ഇഷ്യുവിനു 112 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. പത്താം തീയതിയോടെ അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 14-ാം തീയതി ലിസ്റ്റിങ് നടത്താനാണ് നിലവിലുള്ള തീരുമാനം. ഈ ദിവസം 20 മുതല്‍ 25 ശതമാനം വരെ വില വര്‍ധനയാണ് പ്രമുഖ ഓഹരി വിദഗ്ധര്‍ പ്രവചിക്കുന്നത്. ഡിമാന്‍ഡ് കൂടുന്നതനുസരിച്ച് വില 50 മുതല്‍60 ശതമാനം വരെ വര്‍ധിക്കാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാടുന്നുണ്ട്.
ഇഷ്യുവിന്റെ ഓഫര്‍ പ്രൈസ് 315-320 രൂപയായിരുന്നു. ജീവനക്കാര്‍ക്കായുള്ള വിഹിതത്തിനു ആറിരട്ടി അപേക്ഷകളുണ്ട് എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. ഇതു ഈ ഓഹരിയുടെ ഭാവി സാധ്യത വ്യക്തമാക്കുന്നു. ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഐപിഓയില്‍ ജീവനക്കാരില്‍ നിന്നും ഇത്ര അധികം ഡിമാന്‍ഡ് വളരെ അപൂര്‍വാണ്.
2019 ലെ വരുമാനത്തിന്റെ 18.8 ഇരട്ടിയാണ് പ്രൈസ് ബാന്‍ഡായ 315-320 രൂപ. സെപ്റ്റംബര്‍ മാസം മുതല്‍ കണ്‍വെയന്‍സ് ഫീസ് കൂടി ഈടാക്കി തുടങ്ങിയിരിക്കുകയാണ് കമ്പനി. ഇതോടെ ലാഭം ഇരട്ടിയിലധികം ആകുമെന്നാണ് വിലയിരുത്തല്‍. അതുവെച്ച് നോക്കുമ്പോള്‍ വരുമാനത്തിന്റെ പത്തിരട്ടിയില്‍ താഴെ മാത്രമാകും ഇഷ്യു വില. ഏറെ വളര്‍ച്ചാ സാധ്യതയുള്ള റെയില്‍വേ സേവനരംഗത്ത് ഇതു പോലെ ഏകാധിപത്യമുള്ള ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ഈ വില വളരെ കുറവാണ് എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല 645 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട ഇഷ്യുവിന് 72,200 കോടി രൂപയ്ക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ അപേക്ഷകരില്‍ നല്ലൊരു വിഭാഗത്തിനും നിരാശയായിരിക്കും ഫലം. അലോട്ട്‌മെന്റില്‍ ഓഹരി കിട്ടിയാല്‍ തന്നെ അപേക്ഷിച്ചതിന്റെ ചെറിയൊരു ശതമാനം മാത്രമാകും സ്വന്തമാകുക. ഇത്തരക്കാര്‍ക്കെല്ലാം ഇനി ഈ ഓഹരി സ്വന്തമാക്കാന്‍ സെക്കന്ററി മാര്‍ക്കറ്റിലെത്തുകയേ മാര്‍ഗമുള്ളൂ. ലിസ്റ്റിങ് ദിവസം തന്നെ ഇവരില്‍ നല്ലൊരു ഭാഗവും ഓഹരി വിപണിയിലെത്തും എന്നതാണ് ഷെയര്‍ മാര്‍ക്കറ്റിന്റെ ഒരു രീതി. അതിനാല്‍ ലിസ്റ്റിങ് ദിനം ഓഹരി വിലയില്‍ നല്ലൊരു വര്‍ധന ഉറപ്പാണ്. അതും ഐപിഓ വിപണിയിലെ മറ്റൊരു റെക്കോര്‍ഡ് ആകുമോയെന്നു കാത്തിരുന്നു തന്നെ കാണണം.