
കോവിഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികള്‍ ഉടനെ വിപണിയിലെത്തിയേക്കും. ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്‍കി. മൂന്നുമാസം മുതല്‍ 11 മാസം വരെയുള്ള കാലയളവില്‍ പരിരക്ഷ ഉറപ്പാക്കുന്ന ഹെല്‍ത്ത് പോളിസിയാകും വിപണിയിലെത്തുക. വ്യക്തിഗത-ഗ്രൂപ്പ് പോളിസികള്‍ പുറത്തിറക്കാം.
കോവിഡ് 19 നുള്ള ഹ്രസ്വകാല പോളിസികള്‍ സംബന്ധിച്ച മാര്‍ഗരേഖ കഴിഞ്ഞ ദിവസം ഐആര്‍ഡിഎഐ പുറത്തുവിട്ടിരുന്നു. കാലാവധി നീട്ടിയില്ലെങ്കില്‍ 2021 മാര്‍ച്ച് 31വരെയാണ് ഇതിന് പ്രാബല്യമുണ്ടാകുക. ആനുകൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വകാല ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ 2016 ലെ ഐആര്‍ഡിഐ (ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) റെഗുലേഷനുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസില്‍ ഉല്‍പ്പന്ന ഫയലിംഗ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഇന്‍ഷുറര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു.