തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ നിര്‍ദ്ദേശം; കരട് നിര്‍ദേശം പുറത്തിറങ്ങി; മാര്‍ച്ച് 20 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

March 07, 2020 |
|
Insurance

                  തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ നിര്‍ദ്ദേശം; കരട് നിര്‍ദേശം പുറത്തിറങ്ങി; മാര്‍ച്ച് 20 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

പുതിയ സാമ്പത്തികവര്‍ഷം വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന വരുത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) കരട് നിര്‍ദ്ദേശം പുറത്തിറക്കി. മാര്‍ച്ച് 20 വരെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചശേഷം ഈ മാസം അവസാനത്തോടെ അന്തിമ നിരക്ക് പ്രഖ്യാപിക്കും.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഓരോ വര്‍ഷവും ഐആര്‍ഡിഐ പരിഷ്‌കരിക്കാറുണ്ട്. ഓരോ വിഭാഗത്തിലെയും വാഹനങ്ങളുണ്ടാക്കിയ അപകടങ്ങളും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവന്ന നഷ്ടപരിഹാരവും പരിഗണിച്ചാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതിനായി 2011-12 മുതല്‍ 2018-19 വരെയുള്ള ക്ലെയിമുകളാണ് പരിഗണിച്ചത്. അതേസമയം വൈദ്യുത വാഹനങ്ങളുടെ പ്രീമിയത്തില്‍ 15 ശതമാനം കുറവ് വരുത്താനും കരടില്‍ നര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഓട്ടോറിക്ഷകളുടെ നിരക്കുയര്‍ത്തുന്നില്ല.

പുതിയ സ്വകാര്യകാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്കുമുള്ള തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോള്‍ ഓരോ വര്‍ഷത്തേക്കുള്ള തുക അടച്ചാല്‍ മതിയാകും. 1500 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ല. മറ്റു വിഭാഗങ്ങളില്‍ അഞ്ച് ശതമാനത്തോളമാണ് വര്‍ധന. 18 ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം പ്രളയ സെസും അധികമായി നല്‍കേണ്ടതുമാണ്.

നിര്‍ദ്ദിഷ്ട സ്വകാര്യകാര്‍ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ 

202021 സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുള്ള 2,072 രൂപയില്‍ നിന്ന് 1000 സിസിയില്‍ താഴെയുള്ള കാറുകളുടെ തേര്‍ഡ് പാര്‍ട്ടി (ടിപി) പ്രീമിയം നിരക്ക് 2,182 രൂപയായി ഉയര്‍ത്താന്‍ ഐആര്‍ഡിഐ നിര്‍ദ്ദേശിച്ചു.

അതുപോലെ, 1,000 സിസി മുതല്‍ 1,500 സിസി വരെയുള്ള കാറുകള്‍ക്ക് തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിലവിലുള്ള 3,221 രൂപയില്‍ നിന്ന് 3,383 രൂപയായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നു. എന്നിരുന്നാലും, ആഢംബര കാറുകള്‍ക്ക് (1,500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള) തേര്‍ഡ് പാര്‍ട്ടി പ്രീമിയത്തില്‍ നിലവിലുള്ള 7,890 രൂപയില്‍ നിന്ന് മാറ്റമൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല.

നിര്‍ദ്ദിഷ്ട സ്വകാര്യ ഇരുചക്ര വാഹന തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍

202021 സാമ്പത്തിക വര്‍ഷത്തില്‍, നിലവിലുള്ള 482 രൂപയില്‍ നിന്ന് 75 സിസിയില്‍ താഴെയുള്ള  ഇരുചക്ര വാഹനങ്ങളുടെ ടിപി പ്രീമിയം നിരക്ക് 506 രൂപയായി ഉയര്‍ത്താന്‍ ഐആര്‍ഡിഐ നിര്‍ദ്ദേശിച്ചു.

അതുപോലെ, 75 സിസി മുതല്‍ 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് നിലവിലുള്ള 752 രൂപയില്‍ നിന്ന് പ്രീമിയം 769 രൂപയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. 150 സിസി മുതല്‍ 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രീമിയം 1,301 രൂപയായി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നു. നിലവില്‍ ഇത് 1,193 രൂപയാണ്. 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുള്ള 2, 323 രൂപയില്‍ നിന്ന് പ്രീമിയം 2,571 രൂപയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved