
മുതിര്‍ന്ന പൗരന്മാരുടെ മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്താനാണ് പെന്‍ഷന്‍ പദ്ധതികള്‍. പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളാകുന്ന ഓരോരുത്തര്‍ക്കും എല്ലാ മാസവും കൃത്യമായ തുക ലഭിക്കും. പെന്‍ഷന്‍ പദ്ധതികളില്‍ ചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി നല്ലൊരു സ്‌കീമാണ് പ്രധാന്‍മന്ത്രി വയാ വന്ദന യോജന. പ്രതിമാസം മിനിമം ആയിരം മുതല്‍ പരമാവധി പതിനായിരം രൂപാവരെ ലഭിക്കുന്ന സ്‌കീമാണിത്.
പ്രധാന്‍മന്ത്രി വയാ വന്ദന യോജന
അറുപത് വയസ് മുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പോളിസി കാലാവധി പത്ത് വര്‍ഷമാണ് മിനിമം പെന്‍ഷന്‍ തുക പ്രതിമാസം ആയിരം രൂപയാണ് ലഭിക്കുക. ത്രൈമാസങ്ങളിലേക്കാണെങ്കില്‍ മൂവയിരം രൂപയും ആറുമാസം കൂടുമ്പോഴാണെങ്കില്‍ ആറായിരം രൂപയും വീതം ലഭിക്കും. പിഎംവിവൈയില്‍ പരമാവധി പെന്‍ഷന്‍ പ്രതിമാസം പതിനായിരം രൂപയാണ്. ഇത് ത്രൈമാസക്കണക്കിനാണെങ്കില്‍ മുപ്പതിനായിരവും ആറ് മാസം കൂടുമ്പോള്‍ അറുപതിനായിരം രൂപയും പ്രതിവര്‍ഷം 120000 രൂപയും ലഭിക്കും.
വാങ്ങല്‍ വില
10 വര്‍ഷത്തെ പോളിസി കാലാവധിയുടെ അവസാനം വരെ വാങ്ങല്‍ വിലയും അവസാന പെന്‍ഷന്‍ തവണയും നല്‍കേണ്ടതാണ്. ഒരു വലിയ തുക വാങ്ങല്‍ വില നല്‍കി പദ്ധതി വാങ്ങാം. പെന്‍ഷന്റെ തുകയോ വാങ്ങല്‍ വിലയോ തിരഞ്ഞെടുക്കാന്‍ പെന്‍ഷനര്‍ക്ക് ഓപ്ഷനുണ്ട്. വ്യത്യസ്ത രീതിയിലുള്ള പെന്‍ഷനി കീഴിലുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ വാങ്ങല്‍ വില വ്യത്യസ്തമായിരിക്കും.
പെന്‍ഷന്‍ പേയ്മെന്റ്
പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പേയ്മെന്റിന്റെ രീതികള്‍. പെന്‍ഷന്‍ പേയ്‌മെന്റ് നെഫ്റ്റ് അല്ലെങ്കില്‍ ആധാര്‍ പ്രാപ്തമാക്കിയ പേയ്‌മെന്റ് സിസ്റ്റം വഴിയായിരിക്കും. പേയ്‌മേന്റ് കാലാവധി പെന്‍ഷന്റെ ആദ്യ ഗഡുവിനെ ആശ്രയിച്ച് വാങ്ങിയ തീയതി മുതല്‍ 1 വര്‍ഷം, 6 മാസം, 3 മാസം അല്ലെങ്കില്‍ 1 മാസം കഴിഞ്ഞ് തിരഞ്ഞെടുക്കാം.
നിരക്കുകള്‍
1,000 രൂപയ്ക്കുള്ള പെന്‍ഷന്‍ നിരക്കുകള്‍: വാര്‍ഷികം: 83.00 രൂപ അര്‍ദ്ധവാര്‍ഷികം: 81.30 രൂപ ത്രൈമാസം: 80.50 രൂപ പ്രതിമാസം: 80.00 രൂപ
സറണ്ടര്‍ മൂല്യം
സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ ഏതെങ്കിലും ഗുരുതരമായ രോഗത്തിന് ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളില്‍ പോളിസി കാലയളവില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ട സറണ്ടര്‍ മൂല്യം വാങ്ങല്‍ വിലയുടെ 98% ആയിരിക്കും. 3 പോളിസി വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വായ്പയും ലഭ്യമാണ്. അനുവദിക്കാവുന്ന പരമാവധി വായ്പ വാങ്ങല്‍ വിലയുടെ 75% ആയിരിക്കും. വായ്പ തുകയ്ക്ക് ഈടാക്കേണ്ട പലിശ നിരക്ക് ആനുകാലിക ഇടവേളകളില്‍ നിര്‍ണ്ണയിക്കപ്പെടും. പോളിസി പ്രകാരം നല്‍കേണ്ട പെന്‍ഷന്‍ തുകയില്‍ നിന്ന് വായ്പ പലിശ ഈടാക്കും.