
കേന്ദ്രസര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ വില്‍പ്പന ബോര്‍ഡ് വെച്ചിരിക്കുന്നത് എല്‍ഐസിക്ക് മുമ്പിലാണ്. ഇന്‍ഷൂറന്‍സ് മേഖലയില്‍ എല്‍ഐസിക്ക് മുമ്പില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ഒരു സ്വകാര്യകമ്പനിക്ക് പോലും ഇതുവരെയും സാധിച്ചിട്ടില്ല. അത്രയും ഉപഭോക്താക്കളും വേരുകളും വിശ്വാസ്യതയുമുള്ള ഒരു പൊതുമേഖലാ കമ്പനിയുടെ വില്‍പ്പനയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരികളുടെ വില്‍പ്പന ഉടനുണ്ടായേക്കുമെന്നാണ് സൂചനകള്‍. എയര്‍ഇന്ത്യ വാങ്ങാന്‍ ആളെ അന്വേഷിച്ച് നടന്നുപോലെയാകില്ല പക്ഷെ എല്‍ഐസി ചൂടപ്പം പോലെ ഓഹരികള്‍ വന്‍തുകയ്ക്ക് തന്നെ വിറ്റുപോയേക്കും. ഈ കണക്കുകൂട്ടലാണ് സര്‍ക്കാരിന് വരുമാനം കൂട്ടിച്ചേര്‍ക്കാന്‍ എല്‍ഐസിക്ക് കടയ്്ക്കല്‍ കത്തിവെക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എല്‍ഐസി വില്‍ക്കുമ്പോള്‍ വെല്ലുവിളിയായേക്കാവുന്ന ചില ചട്ടങ്ങളും നിബന്ധനകളുമൊക്കെയാണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ പ്രധാന ചര്‍ച്ച.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ സ്വകാര്യവത്കരണത്തിന് 1956ലെ എല്‍ഐസി നിയമം റദ്ദാക്കേണ്ട ആവശ്യം വരില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എല്‍ഐസി നിയമം റദ്ദാക്കി, സ്ഥാപനത്തെ കമ്പനിയാക്കി രജിസ്ട്രര്‍ ചെയ്യാനാണ് സര്‍ക്കാര്‍ നിയോഗിച്ച മല്‍ഹോത്ര കമ്മറ്റിയുടെ ശിപാര്‍ശ. എല്‍ഐസി നിയമം വാസ്തവത്തില്‍ ഒരു അവകാശപത്രമാണെന്നും വിവിധ ഭേദഗതികളിലൂടെ നിയമത്തിലെ മുഴുവന്‍ വ്യവസ്ഥകളും മറ്റ് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടേത് പോലെ എല്‍ഐസിക്കും ബാധകമാകുന്നുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധനായ ഡി വരദരാജന്‍ പറയുന്നത്. എല്‍ഐസി നിയമത്തിന്റെ അഞ്ചില്‍ ഒന്ന് വകുപ്പ് മാത്രം ഭേദഗതി ചെയ്താല്‍ മതിയെന്നാണ് വരദരാജന്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പായ സോവറിന്‍ ഗ്യാരന്റി എല്‍ഐസി സ്വകാര്യവത്കരണ സമയത്ത് ബാധ്യതയാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രാന്റ് മൂല്യവും വിശ്യാസ്യതയും ഉള്ള കമ്പനിയതിനാല്‍ ഈ പ്രതിബന്ധങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാരണം എല്‍ഐസിയുടെ സോവറിന്‍ ഗ്യാരണ്ടിതുടരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷം തന്നെ എല്‍ഐസിയുടെ ഓഹരി വില്‍പ്പന നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021 പകുതിയോടെ നടപടികള്‍ പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍ഐസി,ഐഡിബിഐ ഓഹരി വില്‍പ്പനയിലൂടെ 93000 കോടിരൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ എല്‍ഐസിയിലെ നൂറുശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണ്.
കാലങ്ങളായി എല്‍ഐസിയെ വിശ്വസിച്ച് പോരുന്ന ഉപഭോക്താക്കളുടെ നെഞ്ചിടിപ്പും കൂടിയിട്ടുണ്ട്. കാരണം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങിയാല്‍ തങ്ങളുടെ പോളിസികള്‍ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയിലാണ് പോളിസി ഉടമകള്‍. എന്നാല്‍ എല്‍ഐസി സ്വകാര്യവതികരിക്കുമ്പോള്‍ പോളിസി ഉടമകളുടെയും കമ്പനിയുടെയും താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. എല്‍ഐസിയുടെ വിപണി ലിസ്റ്റിങ് ,സുതാര്യതയും പൊതുപങ്കാളിത്തവും വര്‍ധിപ്പിക്കുമെന്ന് കേന്ദ്രധന സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. എല്‍ഐസി നിയമത്തിന്റെ ഭേദഗതി ഉടനെ തയ്യാറാവുമെന്നും ഓഹരി വില്‍പ്പനയുടെ വിശദവിവരങ്ങള്‍ അതിന് ശേഷം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.