
മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി. വാഹനം, ഐടി, ഫാര്‍മ, ലോഹം എന്നീ ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 11,300 ല്‍ വീണ്ടുമെത്തി. 558.22 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 1.47 ശതമാനമുയര്‍ന്ന് 38,492.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 168.70 പോയിന്റ് ഉയര്‍ന്ന് 11,300.50ലും.
ബിഎസ്ഇയിലെ 1315 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല. അള്‍ട്രടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി ഇന്‍ഫ്രടെല്‍, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സചികകള്‍ ഒരു ശതമാനത്തിനു താഴെ ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടതാണ് ചില ഓഹരികളുടെ പ്രകടനത്തിനുപിന്നില്‍. നടക്കാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍വ് യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ആഗോള സൂചികകള്‍ നേട്ടത്തിലാണ്. അതും ആഭ്യന്തര സൂചികകള്‍ക്ക് കരുത്തേകി.