
മുംബൈ: ചരിത്ര നേട്ടത്തിലേയ്ക്ക് ഓഹരി സൂചികകള്‍ വീണ്ടും കുതിച്ചു. സെന്‍സെക്സ് ഇതാദ്യമായി 46,000 കടന്നു. നിഫ്റ്റി 13,500ഉം. ദലാള്‍ സ്ട്രീറ്റില്‍ കാളകള്‍ പിടിമുറുക്കിയതോടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഹരി സൂചികകള്‍ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് ബുധനാഴ്ച റെക്കോഡ് നേട്ടത്തിലേയ്ക്ക് സൂചികകളെ നയിച്ചത്.
കോവിഡ് വാക്സിന്‍ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സാമ്പത്തിക പാക്കേജുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ആഗോളവിപണിയില്‍ ചലനംസൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. 494.99 പോയിന്റാണ് സെന്‍സെക്സിലെ നേട്ടം. 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയിന്റ് ഉയര്‍ന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1103 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികള്‍ക്ക് മാറ്റമില്ല.
യുപിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിന്‍ഡാല്‍കോ, ശ്രീ സിമെന്റ്സ്, അള്‍ട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകള്‍ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.