
മുംബൈ: ആഗോള വിപണികളില്‍ അനുകൂല ഘടകങ്ങളൊന്നുമില്ലാതിരുന്നിട്ടും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 112.77 പോയിന്റ് നേട്ടത്തില്‍ 40,544.37ലും നിഫ്റ്റി 23.80 പോയിന്റ് ഉയര്‍ന്ന് 11,896.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1299 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഒഎന്‍ജിസി, ഗെയില്‍, ഐഒസി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐടി സൂചിക ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഫാര്‍മ, വാഹനം എന്നീ ഓഹരികളുടെയും വില ഉയര്‍ന്നു. ഊര്‍ജം, എഫ്എംസിജി, ലോഹം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.