
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 242.52 പോയിന്റ് നേട്ടത്തില്‍ 33780.89 ലും നിഫ്റ്റി 70.90 പോയിന്റ് ഉയര്‍ന്ന് 9972.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1226 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികള്‍ക്ക് മാറ്റമില്ല.
വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സെന്‍സെക്സ് 700ലേറെപോയന്റ് നഷ്ടത്തിലായിരുന്നു. ദിനവ്യാപാരത്തില്‍ ഏറ്റവുംതാഴ്ന്ന നിലവാരത്തില്‍നിന്ന് 1,433 പോയന്റാണ് സെന്‍സെക്സ് കുതിച്ചത്. എംആന്‍ഡ്എം, ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐടിസി, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഓട്ടോ വിഭാഗം സൂചിക മൂന്നുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി ഓഹരികളാണ് സമ്മര്‍ദംനേരിട്ടത്.