
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ ഇന്ത്യൻ സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 9,000 ലെവലിനു താഴെയായി. ഓട്ടോ, റിയൽറ്റി, ബാങ്കിംഗ് മേഖലകൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. സെൻസെക്സ് 469.60 പോയിൻറ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 30690.02 ൽ എത്തി. നിഫ്റ്റി 118.05 പോയിൻറ് അഥവാ 1.30 ശതമാനം ഇടിഞ്ഞ് 8993.85 ൽ എത്തി. ഏകദേശം 1194 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1171 ഓഹരികൾ ഇടിഞ്ഞു, 201 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബജാജ് ഫിനാൻസ്, സീ എന്റർടൈൻമെന്റ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. എൽ ആൻഡ് ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ, അദാനി പോട്സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. വിവിധ മേഖലാ സൂചികകളിൽ റിയൽറ്റി സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. തൊട്ടുപിന്നാലെ ഓട്ടോ, ബാങ്ക്, എനർജി, ഐടി, എഫ്എംസിജി എന്നിവയും കനത്ത ഇടിവ് രേഖപ്പെടുത്തി.
മെറ്റൽ, ഫാർമ, ഇൻഫ്രാ മേഖലകളിൽ ഇന്ന് കൂടുതൽ വാങ്ങൽ നടന്നു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സീ എന്റർടൈൻമെൻറ് ഓഹരി വില ഇന്ന് 14 ശതമാനത്തിലധികം ഇടിഞ്ഞു. അനസ്തെറ്റിക് മരുന്നിനായി യുഎസ് ഹെൽത്ത് റെഗുലേറ്ററുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 13 ന് ക്യാപ്ലിൻ പോയിന്റ് ലബോറട്ടറീസ് ഓഹരികൾ 7.6 ശതമാനം ഉയർന്നു. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരികൾ 6.5 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ചത്തെ 76.55 എന്ന റെക്കോഡ് താഴ്ച്ചയിൽ നിന്ന് ഇന്ത്യൻ രൂപ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.