
മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,000ത്തിന് താഴെയെത്തി. സെന്‍സെക്സ് 893.99 പോയിന്റ് നഷ്ടത്തില്‍ 37,576.62ലും നിഫ്റ്റി 279.50 പോയിന്റ് താഴ്ന്ന് 10,989.50ലുമാണ് ക്ലോസ് ചെയ്തത്. ഒരുവേള 1,400ലേറെ നഷ്ടത്തിലായ സെന്‍സെക്‌സ് പിന്നീട് തിരിച്ചു കയറുകയായിരുന്നു. ബിഎസ്ഇയിലെ 538 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1875 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 125 ഓഹരികള്‍ക്ക് മാറ്റമില്ല.
കൊറോണ വൈറസ് ഭീതിയും യെസ് ബാങ്കിന്റെ തകര്‍ച്ചയും വിപണിക്ക് ഭീഷണിയായി. വിദേശ നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റഴിച്ചത് വിപണിയുടെ കരുത്തുചോര്‍ത്തി. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ലോഹം 4.4 ശതമാനവും നിഫ്റ്റി ബാങ്ക് 3.5ശതമാനവും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനവും താഴ്ന്നു.
ടാറ്റ മോട്ടോഴ്സ്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. ബജാജ് ഓട്ടോ, മാരുതി സുസുകി, ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.